യമനില്‍ രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
പരിശുദ്ധ റമദാനും യു.എന്‍ അഭ്യര്‍ഥനയും മാനിച്ചാണ് നടപടി
യമന്‍ സമാധാന നീക്കത്തിന്റെ ഭാഗമായി രണ്ട് മാസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി സഖ്യസേന അറിയിച്ചു. യു.എന്നിന്റെ അഭ്യര്‍ഥനയും പരിശുദ്ധ റമദാന്‍ മാസവും കണക്കിലെടുത്താണ് നടപടി. നീക്കത്തെ ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്തു.
യെമനിലെ യു.എന്‍ പ്രത്യേക ദൂതനാണ് ഇക്കാര്യം അറിയിച്ചത്. ഹൂത്തികളുടെ അധീനതയില്‍ കഴിയുന്ന ഹുദൈദ തുറമുഖത്തേക്ക് ഇന്ധന കപ്പലുകള്‍ക്ക് പ്രവേശിക്കുന്നതിനും സന്‍ആ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നതിനും ഇതോടെ അനുവാദമുണ്ടാകും.
വെടിനിര്‍ത്തല്‍ കരാര്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. തടവുകാരെ മോചിപ്പിക്കുന്നതിനും വിമാനത്താവളം തുറക്കുന്നതിനും കപ്പലുകളുടെ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനും നടപടികള്‍ കൈകൊള്ളുമെന്ന് യമന്‍ സര്‍ക്കാരും അറിയിച്ചു. വിശുദ്ധ റമദാനില്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനത്തെ പിന്തുണച്ചാണ് തങ്ങളും ചര്‍ച്ചയില്‍ പങ്കാളികളായതെന്ന് യമന്‍ വിദേശ കാര്യ മന്ത്രി പറഞ്ഞു. റിയാദില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് ഹൂത്തികള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് ജി.സി.സി കൗണ്‍സില്‍ വ്യക്തമാക്കി.