സൗദി-ബഹറൈന്‍ കോസ്‌വേ വഴി യാത്ര ചെയ്യുന്നതിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം
രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിടാത്തവര്‍ക്ക് ഇതില്‍ ഇളവ് ലഭിക്കും
സൗദി-ബഹറൈന്‍ കോസ്‌വേ വഴി യാത്ര ചെയ്യുന്നതിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമെന്ന് കോസ് വേ അതോറിറ്റി അറിയിച്ചു. കോസ്‌വേ വഴിയ യാത്ര പുറപ്പെടുന്നവരും രാജ്യത്തേക്ക് പ്രവേശിക്കുന്നവരും മൂന്നാം ഡോസ് സ്വീകരിച്ചവരായിരിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.
മൂന്ന് മാസത്തിനിടയില്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍, കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതില്‍ പ്രത്യേക ഇളവ് ലഭിച്ചവര്‍ എന്നിവരെ പുതിയ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് കവറേജോടു കൂടിയ അംഗീകൃത മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഉള്ള പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും നിബന്ധനയില്‍ ഇളവ് ലഭിക്കും.
സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ ആഭ്യന്തര മന്ത്രാലയം പുതിയ ഇളവുകള്‍ വരുത്തിയ സാഹചര്യത്തിലാണ് കോസ്‌വേ അതോറിറ്റിയുടെ വിശദീകരണം. നിലവില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വാക്സിന്‍ നിര്‍ബന്ധമില്ല. ഇത്തരാക്കാര്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റൈന്‍ സംവിധാനവും നിറുത്തലാക്കിയിട്ടുണ്ട്. ഒപ്പം പി.സി.ആര്‍ പരിശോധനാ ഫലവും വേണ്ടതില്ല.