ദമ്മാം കിങ് ഫഹദ് വിമാനത്താവള വികസന പദ്ധതികൾ 2025ഓടെ പൂർത്തിയാക്കും
110 പ്രൊജക്ടുകളാണ് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്നത്
ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ അടുത്ത വർഷത്തോടെ പൂർത്തീകരിക്കുമെന്ന് ദമ്മാം എയർപോർട്ട് കമ്പനി. വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും യാത്രാനുഭവങ്ങളും വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് 110 പ്രൊജക്ടുകളാണ് പുരോഗമിക്കുന്നത്. ഇവയിൽ പത്തെണ്ണം കഴിഞ്ഞ വർഷത്തോടെ പൂർത്തീകരിച്ചിരുന്നു. ബാക്കിയുള്ളവ അടുത്ത വർഷത്തോടെ പൂർത്തിയാക്കുമെന്ന് ദമ്മാം എയർപോർട്ട് കമ്പനി സി.ഇ.ഒ മുഹമ്മദ് അൽഹസ്സനി വ്യക്തമാക്കി.
പദ്ധതികൾ പൂർത്തിയാകുന്നതോടെ ഉന്നത സാങ്കേതിക വിദ്യയിലും പ്രവർത്തനക്ഷമതയിലും വിമാനാത്താവളം ഏറെ മുന്നിലെത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. പതിനേഴ് ചിലവ് കുറഞ്ഞ എയർലൈൻ കമ്പനികളും 28 മുൻനിര വിമാനകമ്പനികളും വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തുന്നുണ്ട്. ഇതിനുപുറമേ കാർഗോ എയർലൈനുകളും സർവീസ് രംഗത്ത് സജീവമാണ്.
2023 ൽ പതിനഞ്ച് പുതിയ കേന്ദ്രങ്ങളിലേക്ക് ദമ്മാമിൽ നിന്നും സർവീസുകൾ ആരംഭിച്ചു. ഇതോടെ വിമാനത്താവളത്തിൽ നിന്നുള്ള ഡെസ്റ്റിനേഷനുകളുടെ എണ്ണം 65 ആയി ഉയർന്നു. ഇത് നൂറായി ഉയർത്തുകയാണ് അടുത്ത ലക്ഷ്യം. ഒപ്പം യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനവും ലക്ഷ്യമിടുന്നുണ്ട്. 2023ൽ യാത്രക്കാരുടെ എണ്ണത്തിൽ പതിനാറ് ശതമാനം വളർച്ച രേഖപ്പെടുത്തി ഒരു കോടി പതിമൂന്ന് ലക്ഷമായി ഉയർന്നു.