സൗദിയിൽ ഗാർഹിക തൊഴിൽ ചട്ടങ്ങൾ പരിഷ്കരിക്കുന്നു; നിയമം ലംഘിച്ചാൽ പരമാവധി 2000 റിയാൽ വരെ പിഴ
ചട്ടങ്ങൾ ലംഘിക്കുന്ന തൊഴിലാളികൾക്കും 2000 റിയാൽ മുതൽ 5000 റിയാൽ വരെ പിഴ.
ജിദ്ദ: അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഗാർഹിക തൊഴിലാളികളുടേയും തൊഴിലുടമകളുടേയും അവകാശങ്ങൾ സംരക്ഷിക്കാൻ അടുത്തിടെ നിരവധി പുതിയ നിയമങ്ങൾ സൗദിയിൽ പ്രാബല്യത്തിൽ വന്നിരുന്നു. അതിന് പിറകെയാണ് ഇരുവിഭാഗത്തിൻ്റെയും അവകാശ സംരക്ഷണത്തിനായി കൂടുതൽ ചട്ടങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്നത്. ഗാർഹിക തൊഴിലാളികളോട് മോശമായി പെരുമാറുന്ന സാഹചര്യത്തിൽ തൊഴിലുടമയ്ക്ക് പരമാവധി 2000 റിയാൽ പിഴയോ ഒരു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. തൊഴിലാളികൾ തൊഴിലുടമയുടെ രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിയാൽ പിഴ ഈടാക്കുമെന്നും പുതിയ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നു.
ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയായതോ അപകടകരമായതോ ആയ ജോലിക്ക് ഗാർഹിക തൊഴിലാളികളെ നിയോഗിക്കാൻ പാടില്ല. തൊഴിലാളിയുടെ മാനുഷിക അന്തസ്സിന് മുറിവേൽപ്പിക്കരുത്. ചട്ടങ്ങൾ ലംഘിക്കുന്ന തൊഴിലാളികൾക്കും 2000 റിയാൽ മുതൽ 5000 റിയാൽ വരെ പിഴയും രാജ്യത്ത് ജോലി ചെയ്യുന്നതിന് ആജീവനാന്ത വിലക്കോ രണ്ടും കൂടിയോ ലഭിക്കും. നിയമ ലംഘനങ്ങൾ ആവർത്തിക്കുക വഴി പിഴ തുക വർധിച്ചാൽ നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് തൊഴിലാളി സ്വന്തം നിലയ്ക്ക് വഹിക്കേണ്ടി വരുമെന്നും പുതിയ നിയമങ്ങൾ അനുശാസിക്കുന്നു.