സൗദിയിൽ മരങ്ങൾ മുറിച്ചാൽ വൻതുക പിഴ; ഓരോ മരത്തിനും 20,000 റിയാൽ വീതം
താഇഫിൽ അനുമതിയില്ലാതെ മരം മുറിച്ചതിന് മൂന്ന് പൗരന്മാർക്ക് ഇത്തരത്തിൽ പിഴയീടാക്കി
സൗദിയിൽ അനുമതിയില്ലാതെ മരങ്ങൾ മുറിക്കുന്നതിന് ഇരുപതിനായിരം റിയാൽ വീതം പിഴയീടാക്കും. താഇഫിൽ അനുമതിയില്ലാതെ മരം മുറിച്ചതിന് മൂന്ന് പൗരന്മാർക്ക് ഇത്തരത്തിൽ പിഴയീടാക്കി. സൗദി കിരീടാവകാശിയുടെ നിർദേശ പ്രകാരമാണ് പരിസ്ഥിതി നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നത്.
ആഗോള താപനം, മലിനീകരണം കുറക്കൽ എന്നിവ ലക്ഷ്യം വെച്ച് സൗദി അറേബ്യ പരിസ്ഥിതി നിയമം പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് മൂന്ന് പൗരന്മാർക്കെതിരെ നടപടി. താഇഫിൽ നിന്നാണ് ഇവർ മരം മുറിച്ചത്. മുറിച്ച മരം ഓരോന്നിനും 20,000 റിയാൽ, അഥവാ നാല് ലക്ഷം രൂപയാണ് പിഴ. ഒരു മരത്തിന് 20,000 വീതമാണ് നിയമ ലംഘകർക്ക് ചുമത്തുക. തണുപ്പ് കാലമായതോടെ വിറക് ശേഖരിക്കുന്നത് തടയാൻ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യാൻ ഇതുപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും.
ഗ്രീൻ സൗദി പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം 50 കോടി മരങ്ങൾ ഒന്നാം ഘട്ടത്തിൽ നട്ടു പിടിപ്പിക്കുന്നുണ്ട്. ഇതിനിടയിൽ, മരം വെട്ടാൻ പോയാൽ പിഴയൊടുക്കും വരെ ജയിൽ ശിക്ഷയും നേരിടേണ്ടി വരും. സൗദിയിലെ പരിസ്ഥിതി നിയമം അനുസരിച്ച് വന്യ ജീവികളെ വേട്ടയാടുന്നതും നിയമവിരുദ്ധമാക്കിയിട്ടുണ്ട്. നിയമത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി. തണുപ്പ് കാലത്ത് ചൂടുകായുമ്പോൾ പുൽമേട്ടിൽ തീ പിടിച്ചാലും, പരിസ്ഥിതിക്ക് കോട്ടം സംഭവിച്ചാലും നടപടിയുണ്ടാകും.