ജിദ്ദയിൽ കനത്ത മഴ; രണ്ട് മരണം

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മഴ ഉച്ചക്ക് രണ്ട് മണിവരെ അതി ശക്തമായി തുടർന്നു. മലയാളികളുൾപ്പെടെ നിരവധി പേർ ജിദ്ദയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി.

Update: 2022-11-24 19:21 GMT
Advertising

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ശക്തമായ മഴയിൽ രണ്ടുപേർ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഒഴുകിയെത്തിയ വെള്ളത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. മലയാളികളുൾപ്പെടെ നിരവധി പേർ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി നൽകിയിരുന്നു.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മഴ ഉച്ചക്ക് രണ്ട് മണിവരെ അതി ശക്തമായി തുടർന്നു. മലയാളികളുൾപ്പെടെ നിരവധി പേർ ജിദ്ദയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി. റോഡുകളിൽ വെള്ളമുയർന്നതോടെ പല വാഹനങ്ങളും പണിമുടക്കി. മഴ ശക്തി പ്രാപിച്ചതോടെ മക്ക-മദീന അതിവേഗ പാത ഇരു ദിശകളിലേക്കും വൈകുന്നേരം വരെ ഭാഗികകമായി അടച്ചു. കൂടാതെ നിരവധി അണ്ടർ പാസ്‌വേകളും നഗരത്തിലെ മറ്റു പല റോഡുകളും അടച്ചിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ തകർന്നു.

നിരവധി വാഹനങ്ങൾ മഴവെള്ളത്തിൽ ഒലിച്ചുപോയി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ പലതും കൂട്ടിയിടച്ചു. മലയാളികളുടേതുൾപ്പെടെ നിരവധി കച്ചവട സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചുകയറി. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടുവരെ 179 മില്ലീ മീറ്ററാണ് മക്ക മേഖലയിൽ മഴ രേഖപ്പെടുത്തിയത്. ഇത് 2009 ലെ പ്രളയത്തിന് വഴി വെച്ച പേമാരിയേക്കാൾ കൂടുതലാണെന്ന് അധികൃതർ വ്യക്തമാക്കി.

രാവിലെ മുതൽ ആരംഭിച്ച ശക്തമായ മഴ ജിദ്ദയിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളും കെട്ടിടങ്ങളും തകർന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളിൽനിന്ന് വിലകൂടിയ ഉത്പന്നങ്ങൾ ഒലിച്ചുപോയി. മലയാളികളുടേതുൾപ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചു കയറി. നാശനഷ്ടങ്ങൾക്ക് പുറമെ ആളപായം വർധിക്കുമെന്നാണ് റിപ്പോർട്ട്. അപകടം പറ്റുന്നവരെ ചികിത്സിക്കുന്നതിനായി ജിദ്ദയിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ക്രമീകരണങ്ങളും സൗകര്യങ്ങളും ഉയർത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ ഗാംദി വ്യക്തമാക്കി. ജിദ്ദയിൽ പല റോഡുകളും അടച്ചതിനാൽ ആശുപത്രികളിലേക്ക് എത്താൻ സാധിക്കാത്തവർ സ്വിഹത്തി ആപ്പ് വഴിയോ 937 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സൗദി റെഡ് ക്രസന്റ് അതോറിറ്റിക്ക് കീഴിൽ പ്രത്യേക കൺട്രോൾ റൂം തുറന്ന് പ്രവർത്തിച്ചു തുടങ്ങി. നൂറോളം എമർജൻസി സെന്ററുകൾ, റെസ്‌പോൺസ് ടീമുകൾ, പ്രത്യേക ആംബുലൻസ് ടീമുകൾ തുടങ്ങി നിരവധി ക്രമീകരണങ്ങളാണ് രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ വെള്ളക്കെട്ടുകൾ നീക്കം ചെയ്യുന്നതിനും ഗതാഗതം പുനസ്ഥാപിക്കുന്നതിനുമായി 2500 ലധികം തൊഴിലാളികളേയും, ആയിരത്തോളം ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News