അനധികൃത വിസക്കച്ചവടം; നയതന്ത്ര പ്രതിനിധികള്‍ അറസ്റ്റില്‍
ബംഗ്ലാദേശ് സൗദി എംബസി ഉദ്യോഗസ്ഥരാണ് പിടിയിലായത്
ദമ്മാം: സൗദിയില്‍ അനിധികൃത വിസ കച്ചവടം നടത്തിയ നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പെടുന്ന സംഘം അറസ്റ്റില്‍. ബംഗ്ലാദേശിലെ സൗദി എംബസി കേന്ദ്രീകരിച്ചാണ് വിസ കച്ചവടം നടത്തിയത്. സൗദിയില്‍ നിന്നും തൊഴില്‍ വിസ ഇഷ്യു ചെയ്യുന്നതിന് അന്‍പത്തിനാല് ദശലക്ഷത്തിലധികം റിയാല്‍ ഇവര്‍ കൈപ്പറ്റിയതായി അഴിമതി വിരുദ്ധ സമിതി കണ്ടെത്തി.
ബംഗ്ലാദേശ് സൗദി കോണ്‍സുലേറ്റിലെ മുന്‍ നയതന്ത്രപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒന്‍പതംഗ സംഘത്തെയാണ് സൗദി അഴിമതി വിരുദ്ധ സമിതി അറസ്റ്റ് ചെയ്തത്. കോണ്‍സുലാര്‍ മേധാവിയും ഡെപ്യൂട്ടി അംബാസിഡറുമായിരുന്ന അബ്ദുല്ല ഫലാഹ് മദ്ഹി അല്‍ശംരി, ഡെപ്യൂട്ടി കോണ്‍സുലാര്‍ ഖാലിദ് നാസര്‍ ആയിദ് അല്‍ഖഹ്താനി എന്നിവരാണ് പിടിയിലായ നയതന്ത്ര പ്രതിനിധികള്‍. സൗദിയില്‍ നിന്നും ബംഗ്ലാദേശിലേക്ക് തൊഴില്‍ വിസ ഇഷ്യു ചെയ്യുന്നതിന് ഇവര്‍ കോടികള്‍ കൈക്കൂലി വാങ്ങിയതായി നസഹ വെളിപ്പെടുത്തി.
വ്യത്യസ്ത ഘട്ടങ്ങളിലായി 54 മില്യണിലധികം റിയാല്‍ ഇവര്‍ കൈപ്പറ്റി. ഇവരുടെ സഹായികളായി പ്രവര്‍ത്തിച്ച ഏഴ് ബംഗ്ലാദേശ് സ്വദേശികളെയും പിടികൂടി. മറ്റൊരു അഴിമതി കേസില്‍ റിയാദിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും നസഹ അറിയിച്ചു. വിദേശ നിക്ഷേപകന് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിന് പണം കൈപ്പറ്റിയെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.