ഉല്ലാസത്തിനായി പുതിയ വിനോദകേന്ദ്രം; 'വയ റിയാദ്' ഉദ്ഘാടനം ചെയ്തു
ഈ മാസം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.
സൗദിയിൽ ഉല്ലാസത്തിനായി 'വയ റിയാദ്' എന്ന പേരിൽ പുതിയ വിനോദ കേന്ദ്രം ആരംഭിച്ചു. പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിനു സമീപത്തെ ഈ ആഢംബര വിനോദ കേന്ദ്രം ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.
മികച്ച രീതിയിൽ ഒരുക്കിയ റസ്റ്റാറൻറുകൾ, ലോകോത്തര ഹോട്ടൽ, സിനിമാ തിയേറ്റർ , തത്സമയ വിനോദപരിപാടി വേദികൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന കേന്ദ്രമാണ് വയാ റിയാദ്. സൽമാനി ശൈലിയിലാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ആഢംബര സേവനങ്ങള്‍ ഈ കേന്ദ്രത്തിലൂടെ ലഭിക്കും. പ്രകൃതി ദൃശ്യങ്ങളും ചുറ്റുപാടുകളും ആസ്വദിക്കാനാകും.
കലാപരമായ ശിൽപങ്ങളുടെ വലിയ ശേഖരവും 850 വർഷത്തിലേറെ പഴക്കമുള്ള നിരവധി വൃക്ഷങ്ങളും ഉണ്ട്‍. സന്ദർശകരുടെ അനുഭവം സമ്പന്നമാക്കുന്നതിനായി പാർക്കിങ്, പർച്ചേസ് തുടങ്ങിയവക്ക് നൂതന സേവനങ്ങളും സംവിധാനങ്ങളും വയ റിയാദ് എന്ന വിനോദ കേന്ദ്രത്തിൽ ഉണ്ട്. 20 മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്. റിയാദിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദമേഖലകളിലൊന്നായിരിക്കും ഇനി വയറിയാദ്.