ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള പഴം ഇറക്കുമതിയിൽ നേരിയ വർധന
29100 ടൺ വാഴപ്പഴം ഇന്ത്യയിൽ നിന്ന് എത്തി
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള പഴം ഇറക്കുമതിയിൽ നേരിയ വർധന. സൗദിയിലേക്ക് പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നിലവിൽ മൂന്നാം സ്ഥാനത്താണ്. ഓറഞ്ച് ഇറക്കുമതിയും ഇന്ത്യയിൽ നിന്നുണ്ട്. സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയത്തിന്റേതാണ് ഇറക്കുമതി കണക്കുകൾ.
43.4 ലക്ഷം ടൺ പഴങ്ങളും പച്ചക്കറികളുമാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയമാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ പുറത്തുവിട്ടത്. 23.7 ലക്ഷം ടണ്ണിലേറെ പച്ചക്കറികളും 19.6 ടണ്ണിലേറെ പഴങ്ങളുമാണ് വിവിധ രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്തത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത വാഴപ്പഴം നാലര ലക്ഷത്തിലധികമാണ്. ഇതിൽ 68.3 ശതമാനവും ഇറക്കുമതി ഇക്വഡോറിൽ നിന്നായിരുന്നു. രണ്ടാം സ്ഥാനത്ത് ഫിലിപ്പൈൻസും തൊട്ട് പിറകിൽ ഇന്ത്യയുമാണ്. 29100 ടൺ വാഴപ്പഴമാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. 6.2 ശതമാനത്തിന്റെ ഇറക്കുമതിയാണ് ഇന്ത്യയിൽ നിന്ന് നടത്തിയത്. നാലു ലക്ഷത്തിലധികം ഓറഞ്ചും കഴിഞ്ഞവർഷം ഇറക്കുമതി ചെയ്തു.
ഈജിപ്തിൽ നിന്നാണ് ഏറ്റവുമധികം ഇറക്കുമതി. ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. സ്പെയിൻ ആണ് തൊട്ട് പുറകിൽ. ആപ്പിൾ ഇറക്കുമതി കഴിഞ്ഞ വർഷം രണ്ട് ലക്ഷത്തിലേറെയായിരുന്നു. ഇറ്റലിയിൽ നിന്നാണ് ഏറ്റവുമധികം ആപ്പിൾ രാജ്യത്തെത്തിയത്. ചിലി, തുർക്കി എന്നീ രാജ്യങ്ങളാണ് തൊട്ട് പുറകിൽ. ഏറ്റവുമധികം തക്കാളി ഇറക്കുമതി ചെയ്തത് അയൽരാജ്യമായ ജോർദാനിൽ നിന്നാണ്. രാജ്യത്തെ തക്കാളി ഉത്പാദനത്തിലും വർധനവ് രേഖപ്പെടുത്തി. മേഖലയിലെ സ്വയം പര്യാപ്തത നിരക്ക് 76 ശതമാനമാണ്.