റമദാൻ: സൗദിയിൽ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചു

റമദാനിൽ നിത്യോപയോഗ സാധനങ്ങളുടേയും ഭക്ഷ്യ വസ്തുക്കളുടേയും ലഭ്യത ഉറപ്പാക്കുകയായാണ് പരിശോധനയുടെ ലക്ഷ്യം

Update: 2023-03-09 18:05 GMT
Advertising

റിയാദ്: സൗദി വിപണിയിൽ റമദാൻ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചു. അവശ്യ സാധനങ്ങളും റമദാൻ ഉൽപ്പന്നങ്ങളും വിപണയിൽ യഥേഷ്ടം ലഭ്യമാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെപ്പ് നടത്തുന്നതും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതും കുറ്റകരമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

റമദാനിൽ ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങളുടേയും ഭക്ഷ്യ വസ്തുക്കളുടേയും ലഭ്യത ഉറപ്പാക്കുകയായാണ് പരിശോധനയുടെ ലക്ഷ്യം. അവശ്യ സാധാനങ്ങൾ പൂഴ്ത്തിവെക്കുന്നത് തടയാൻ മുഴുവൻ പ്രവിശ്യകളിലേയും വ്യാപാര കേന്ദ്രങ്ങളിലും മൊത്ത വിതരണ സ്ഥാപനങ്ങളിലും ഗോഡൗണുകളിലും പരിശോധന ശക്തമാക്കി. കൂടാതെ സെൻട്രൽ മാർക്കറ്റുകളിലും, ഹൈപ്പർമാർക്കറ്റുകളിലും ചെറുകിട സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

മക്കയിലേക്കും മദീനയിലേക്കും പോകുന്ന റോഡുകളിലെ ഇന്ധന സ്റ്റേഷനുകളിലും ഇഹ്‌റാം കേന്ദ്രങ്ങളിലും പരിശോധന നടത്തും. പൂഴ്ത്തിവെപ്പ് നടത്തുന്നതും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതും കുറ്റകരമാണ്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും വിൽപ്പനക്ക് പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപന്നങ്ങളിൽ പ്രൈസ് ടാഗ് നിർബന്ധമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. പ്രൈസ് ടാഗുകളിൽ രേഖപ്പെടുത്തിയ വിലതന്നെയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതെന്ന് ഉറപ്പ് വരുത്താനും വ്യാജ ഓഫറുകളും വ്യാപാര തട്ടിപ്പുകളും കണ്ടെത്താനും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തുന്നത്. റമദാൻ മാസത്തേയും ഉംറ സീസണെയും വരവേൽക്കുന്നതിന്റെ ഭാഗമായി ആറ് മാസം മുമ്പ് തയ്യാറാക്കിയ സീസണൽ പദ്ധതിയുടെ ഭാഗമായാണ് പരിശോധനയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News