ജിദ്ദയിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവൽ; ഹാലാ ജിദ്ദയുടെ ലോ​ഗോ പ്രകാശനം ചെയ്തു

2024 ഡിസംബർ ആറ്, ഏഴ് തീയതികളിലായി ജിദ്ദയിലെ ഇമാർ സ്ക്വയറിലാണ് ഹാലാ ജിദ്ദയ്ക്ക് അരങ്ങൊരുങ്ങുന്നത്

Update: 2024-10-01 06:02 GMT
Editor : geethu | Byline : Web Desk
Advertising

ജിദ്ദ: സൗദി അറേബ്യയുടെ ചരിത്രവും സംസ്കാരവും ഇഴചേർന്ന വഴിയിലൂടെ ആരെയും വിസ്മയിപ്പിക്കുന്ന ഇന്ത്യൻ കാർണിവലിന് വേദിയൊരുക്കി മീഡിയവൺ. ജിദ്ദയിലെ പ്രവാസി ലോകത്തെ ഒരു കുടക്കീഴിൽ ഒത്തൊരുമിപ്പിക്കാൻ ഒരുങ്ങുകയാണ് സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലായ ഹാലാ ജിദ്ദ.

2024 ഡിസംബർ ആറ്, ഏഴ് തീയതികളിലായി ജിദ്ദയിലെ ഇമാർ സ്ക്വയറിലാണ് ഹാലാ ജിദ്ദയ്ക്ക് അരങ്ങൊരുങ്ങുന്നത്.

രണ്ട് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന മേളയിൽ മലയാളികളടക്കമുള്ള ലക്ഷകണക്കിന് പ്രവാസികൾ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.

എക്സ്പോ, വിദ്യാഭ്യാസം, വിജ്ഞാനം, കല, ഭക്ഷ്യമേള, ബിസിനസ് എന്നിവയെല്ലാം വിനോദത്തോടൊപ്പം ഹാലാ ജിദ്ദയിൽ ചേരും. സൗദി വിനോദ അതോറിറ്റിയുടെയും വിവിധ മന്ത്രാലയങ്ങളുടെയും സഹകരണത്തോടെയാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.

ജിദ്ദയിൽ നടക്കാൻ പോകുന്ന അതിവിപുലമായ പാൻ ഇന്ത്യൻ മേളയുടെ മുഖ്യ ആകർഷണം പ്രശസ്തർ പങ്കെടുക്കുന്ന സം​ഗീത വിരുന്നാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സം​ഗീത വിരുന്നിൽ ജനപ്രിയ ബാൻഡുകൾ ഭാ​ഗമാകും.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലാണ് മേള ആസൂത്രണം ചെയ്തിരിക്കുന്നത്.

പങ്കെടുക്കുന്നവർക്കെല്ലാം മികച്ച അനുഭവമാക്കി മാറ്റാനായി വിവിധ പ്രദർശന ഏജൻസികളുടെ പങ്കാളിത്തം മേളയിലുണ്ടാകും. ഒരു കുടുംബത്തിലെ മുഴുവൻ അം​ഗങ്ങളും പങ്കെടുക്കാൻ പാകത്തിനുള്ള പവലിനയനുകൾ മേളയിലൊരുക്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായി പങ്കെടുക്കാൻ പറ്റുന്ന തരത്തിൽ ചിത്രരചനാ-​ഗാനാലാപന മത്സരങ്ങൾ, വിവിധ കലാപരിപാടികൾ, പ്രഭാഷണങ്ങൾ, ശില്പശാലകൾ എന്നിവയുണ്ടാകും. രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ ഫുഡ് കോർണറുകൾക്ക് പുറമേ വിദ​ഗ്ധർ പങ്കെടുക്കുന്ന പാചക വർക്ക്ഷോപ്പുകളുമുണ്ടാകും.

വ്യത്യസ്ത വ്യവസായ മേഖലകളിൽ വിജയം കൈവരിച്ച പ്രമുഖരെ മേളയിൽ ആദരിക്കും. സ്വയം ശാക്തീകരണത്തിലൂടെ സമൂഹത്തിന് പ്രചോദനമായ വനിതകൾ പങ്കെടുക്കുന്ന സെഷനുകളും മേളയുടെ ഭാ​ഗമാകും.

ലോ​ഗോ പ്രകാശനം ചെയ്തു

മീഡിയവൺ നേതൃത്വം നൽകുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലായ ഹാലാ ജിദ്ദയുടെ ലോ​ഗോ സൗദി മാധ്യമ മന്ത്രാലയം ഡയറക്ടർ ഹുസൈൻ എസ് അൽ ഷമ്മരി പ്രകാശനം ചെയ്തു. ജിദ്ദ അൽ ഹംറ റാഡിസൺ ബ്ലൂവിൽ നടന്ന ബിസിനസ് മീറ്റ് മീഡിയവൺ ടിവി ചെയർമാൻ പി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.




ഹാലാ ജിദ്ദയുടെ വീഡിയോ അവതരണത്തിന്റെ സ്വിച്ച് ഓൺ കർമം ജെഎൻഎച്ച് ചെയർമാൻ വിപി മുഹമ്മദ് അലി നിർവഹിച്ചു. ഇന്ത്യയുടെയും സൗദി അറേബ്യയുടെയും വൈവിധ്യമാർന്ന സംസ്കാരങ്ങളെ അടിസ്ഥാനമാക്കിയാണ് ഹാലാ ജിദ്ദയുടെ ലോ​ഗോ രൂപകല്പന ചെയ്തിരിക്കുന്നത്.




ചടങ്ങിൽ മീഡിയവൺ സിഇഒ റോഷൻ കക്കാട്ട്, മിഡിൽ ഈസ്റ്റ് ബിസിനസ് മാനേജർ സ്വവ്വാബ് അലി, മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി വെസ്റ്റേൺ പ്രോവിൻസ് രക്ഷാധികാരി ഫസൽ പി മുഹമ്മദ്, എക്സ്കോം മീഡിയവൺ രക്ഷാധികാരി നജ്മുദ്ദീൻ, മീഡിയവൺ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബഷീർ ചുള്ളിയൻ എന്നിവർ സംസാരിച്ചു. ജിദ്ദയിലെ സാമൂഹിക വ്യവസായ പ്രമുഖർ പങ്കെടുത്തു.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News