കാലത്തിന്റെ ചുവരെഴുത്തു വായിക്കാൻ പഠിപ്പിച്ച പ്രബോധനം: ഡോ.കൂട്ടിൽ മുഹമ്മദലി
പ്രബോധനം ക്വിസ് മത്സരത്തിൽ നസ്നീൻ, മുഹമ്മദ് അമീൻ, നൈസി സജാദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
ദമ്മാം: പ്രബോധനം കാലത്തിനൊപ്പം സഞ്ചരിക്കുകയും അതിന്റെ വായനക്കാരെ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ പഠിപ്പിക്കുകയും ചെയ്ത വാരികയെന്ന് പ്രബോധനം ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലി പറഞ്ഞു. കേരളീയ സമൂഹത്തിന് ഇസ്ലാമിക ലോകത്തെ പഠിപ്പിക്കാനും മുസ്ലിം നേതൃത്വത്തിന് ദിശാബോധം നൽകാനും കഴിഞ്ഞു എന്നതും പ്രബോധനത്തിന്റെ 75 വർഷത്തെ പ്രയാണം കൊണ്ട് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രബോധനം വാരികയുടെ മൊബൈൽ ആപ്പ് ലോഞ്ചിംഗും ഡിജിറ്റൽ വരി ഉദ്ഘാടനവും നിർവഹിച്ച് ദമ്മാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൽമുന ഇന്റർനാഷണൽ സ്‌കൂൾ ദമ്മാം പ്രിൻസിപ്പാൾ കാസിം ഷാജഹാൻ ആദ്യവരി ഡോ. കൂട്ടിൽ മുഹമ്മദലിയിൽ നിന്നും സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തനിമ സാംസ്‌കാരിക വേദി ദമ്മാം സോണൽ പ്രസിഡന്റ് സിനാൻ അധ്യക്ഷതവഹിച്ചു.
പ്രവർത്തകർക്കായി സംഘടിപ്പിച്ച പ്രബോധനം ക്വിസ് മത്സരത്തിൽ നസ്നീൻ, മുഹമ്മദ് അമീൻ, നൈസി സജാദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പരിപാടിയോടനുബന്ധിച്ച് സംവിധാനിച്ച പ്രബോധനം സ്റ്റാൾ പ്രൊവിൻസ് പ്രസിഡന്റ് അൻവർഷാഫി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സമിതി അംഗം കെ.എം ബഷീർ സമാപന ഭാഷണം നിർവഹിച്ചു. മുഹമ്മദ് അലി പീറ്റെയിൽ, മുഹമ്മദ് കോയ, അർഷദ് അലി, അഷ്‌കർ ഖനി, ഉബൈദ് മണാട്ടിൽ, ഫൈസൽ അബൂബക്കർ, ഷമീർ പത്തനാപുരം എന്നിവർ നേതൃത്വം നൽകി.