ലേൺ ദി ഖുർആൻ ദേശീയ സംഗമം മെയ് മൂന്നിന്; ഒരുക്കം പൂർത്തിയായി

ദേശീയ സംഗമം റിയാദിൽ എക്‌സിറ്റ് 18 ലെ അഞ്ച് വേദികളിലായി നടക്കും

Update: 2024-05-01 06:02 GMT

ലേൺ ദി ഖുർആൻ ദേശീയ സംഗമ സംഘാടന സമിതി യോഗത്തിൽ നൗഷാദ് സ്വലാഹി ഉപ്പട സംസാരിക്കുന്നു

Advertising

റിയാദ്: 25ാമത് 'ലേൺ ദി ഖുർആൻ' ദേശീയ സംഗമം മെയ് മൂന്നിന് വെള്ളിയാഴ്ച റിയാദിൽ എക്‌സിറ്റ് 18 ലെ തറാഹിദ് ഇസ്തിറാഹ, അൽമനാഖ് ഫുട്‌ബോൾ ഗ്രൗണ്ട് എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായി നടക്കും. കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിഅ നദ്‌വിയ ഡയറക്ടർ, പ്രഭാഷകൻ ആദിൽ അത്വീഫ് സ്വലാഹി, കബീർ സലഫി പറളി എന്നിവരും സൗദി അറേബ്യയിലെ മത-സാമൂഹിക-മാധ്യമ- ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

രാവിലെ 8:30ന് പ്രതിനിധി സംഗമത്തോടു കൂടി പ്രോഗ്രാം ആരംഭിക്കും. ഉച്ചക്ക് രണ്ടു മണിക്ക് എം.എസ്.എം റിയാദിന്റെ നേതൃത്വത്തിൽ ടീനേജ് ഗാതറിങ് വേദി ഒന്നിൽ നടക്കും. വൈകിട്ട് 4:00 മണിക്ക് ഉദ്ഘാടന സമ്മേളനം വേദി ഒന്നിൽ നടക്കും. ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കബീർ സലഫി പറളി ഉദ്ഘാടനം നിർവഹിക്കും. ബഷീർ സ്വലാഹി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തും.

വേദി 3,4,5 എന്നിവിടങ്ങളിലായി 'ഫ്രോലിക്ക്' എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേക പ്രോഗ്രാം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്‌റസ ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ നടക്കും. സമാപന സമ്മേളനവും സമ്മാനദാനവും പ്രത്യേകം സജ്ജമാക്കിയ അൽമനാഖ് ഫുട്‌ബോൾ ഗ്രൗണ്ടിലെ വേദിയിൽ വൈകിട്ട് 6:45ന് ആരംഭിക്കും. ദഅ്വ & അവൈർനസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ശൈഖ് ഡോ: ഇബ്രാഹിം യഹിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

2023 ൽ നടന്ന ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷാ വിജയികളെ ആദരിക്കും. സൗദി അറേബ്യയിലെ മത-സാമൂഹിക- മാധ്യമ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. സമാപന സംഗമത്തിൽ ഹനീഫ് കായക്കൊടി, ആദിൽ അത്വീഫ് സ്വലാഹി എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും.

രണ്ട് പതിറ്റാണ്ടായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്ന ഖുർആൻ പഠനപദ്ധതിയാണ് ലേൺ ദി ഖുർആൻ. മുപ്പതിനായിരം പാഠപുസ്തകം സൗജന്യമായി ഈ വർഷം പഠിതാക്കൾക്ക് വിതരണം ചെയ്തു. ലോകത്താകമാനമുള്ള മലയാളികൾക്ക് പഠനപ്രക്രിയയിൽ പങ്കെടുക്കാവുന്നതും വാർഷിക അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ ഒരേ സമയം എവിടെ നിന്നും എഴുതാവുന്നതുമാണ്.

ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായും പങ്കെടുക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും ദേശീയസംഗമ വേദികളിൽ ഒരുക്കിയതായും സൗദി അറേബ്യയിലെ എല്ലാ മലയാളികളെയും ദേശീയ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി ചെയർമാൻ അബ്ദുൽഖയ്യും ബുസ്താനി, ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News