സൗദിയിലെ 'മലയാളം ന്യൂസ്' പത്രം പ്രിന്റിങ് നിർത്തി
പത്രം ഇനി ഓൺലൈനിൽ മാത്രമെന്ന് മാനേജ്മെന്റ്
സൗദിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മലയാളം ന്യൂസ്' ദിനപത്രം അച്ചടി നിർത്തി. ഇനി ഡിജിറ്റൽ ഫോർമാറ്റിലാകും പത്രം ജനങ്ങളിലേക്കെത്തുകയെന്ന് മലയാളം ന്യൂസ് എഡിറ്റർ ഇന്നത്തെ പത്രത്തിലൂടെ അറിയിച്ചു. 1999 ഏപ്രിൽ പതിനാറിനാണ് പത്രം അച്ചടി ആരംഭിച്ചിരുന്നത്. കാൽ നൂറ്റാണ്ടോളം കൂടെ നിന്ന വായനക്കാർക്ക് എഡിറ്റർ ഇൻ ചീഫ് താരീഖ് മിശ്ഖസ് നന്ദി അറിയിച്ചതായും പത്രം പറയുന്നു. വിവിധ ഡിജിറ്റൽ ഫോർമാറ്റുകളിൽ പത്രം പ്രവർത്തനം തുടരുമെന്നും ഇന്നിറക്കിയ പത്രത്തിലൂടെ മലയാളം ന്യൂസ് പറയുന്നു. വിതരണ, പ്രസിദ്ധീകരണ രംഗത്തെ ഭീമമായ ചിലവും പത്രങ്ങളിൽ നിന്നും വായനക്കാർ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയതും പ്രസിദ്ധീകരണ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ നിലവിലുള്ള പത്രങ്ങൾ പലതും ഓൺലൈനിലേക്ക് മാറുകയാണ്. എസ് ആർ എം ജി ഗ്രൂപ്പിന് കീഴിലായിരുന്നു മലയാളം ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നത്.