മൈക്രോസോഫ്റ്റ് പ്രവർത്തന തടസ്സം; സൗദിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിൽ

ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസിന്റെ സർവീസുകളെ പ്രതിസന്ധി നേരിട്ട് ബാധിച്ചിരുന്നില്ല

Update: 2024-07-20 17:26 GMT
Advertising

റിയാദ്: സാങ്കേതിക തടസ്സങ്ങൾ മൂലമുണ്ടായ പ്രതിസന്ധികൾ സൗദിയിലെ വിമാനത്താവളങ്ങളിൽ പരിഹരിച്ചതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി. സൗദിയിലെ മുഴുവൻ വിമാന സർവീസുകളും സാധാരണ രീതിയിലുള്ള സർവീസുകളിലേക്ക് തിരിച്ചെത്തുകയാണ്. ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസിന്റെ സർവീസുകളെ പ്രതിസന്ധി നേരിട്ട് ബാധിച്ചിരുന്നില്ല. ബാങ്കിങ് ഉൾപ്പെടെ സാങ്കേതിക മേഖലകളിലും നേരിയ തോതിൽ മാത്രമാണ് പ്രതിസന്ധി ബാധിച്ചതെന്നും അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെ സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിൽ മൈക്രോ സോഫ്റ്റിന്റെ സോഫ്ട്‌വെയറിൽ ഉണ്ടായ പ്രശ്‌നം ബാധിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി വിമാനക്കമ്പനികളായ ഫ്‌ലൈനാസും ഫ്‌ലൈ അദീലും സർവീസുകളിലെ കാല താമസവും ബോഡിങ് പാസ് ഇഷ്യൂ ചെയ്യുന്നതിലെ പ്രതിസന്ധിയും നേരിട്ടു. സൗദിയിലെ സർക്കാർ സേവനങ്ങളേയോ അബ്ഷിർ, ബാങ്കിങ് പ്ലാറ്റ്‌ഫോമുകളേയോ വിഷയം ബാധിച്ചിരുന്നില്ല. സൗദി എയർ ലൈൻസിന്റെ സർവീസുകളെയും പ്രതിസന്ധി നേരിട്ട് ബാധിച്ചിരുന്നില്ല.

സൈബർ ഭീഷണികൾ നിരീക്ഷിക്കാനും പ്രതികരിക്കാനും സജീവമായ സംവിധാനങ്ങൾ രാജ്യത്തുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. നേതൃത്വത്തിന്റെ ശക്തമായ പിന്തുണയാണ് ലഭിച്ചത്. വിമാനത്താവളങ്ങളിലെ പ്രശ്‌നങ്ങൾ ഇതിനോടകം പരിഹരിച്ചിട്ടുണ്ട്. നിലവിൽ സാധാരണ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ടെന്നും സൗദിയിലെ വിമാനത്താവളങ്ങളുടെ അതോറിറ്റി സൂചിപ്പിച്ചു. യാത്രക്കാർ തങ്ങളുടെ ഫ്‌ലൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായി അതാത് എയർലൈനുകളുമായി ബന്ധപ്പെടാനും അതോറിറ്റി നിർദ്ദേശിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News