നജ്‌റാനിലെ ഉഖ്ദൂദിൽ കൂടുതൽ പുരാവസ്തുക്കൾ: വിവിധ രൂപങ്ങളും സ്വർണാഭരണങ്ങളും കണ്ടെടുത്തു
ഖുർആനിലും ബൈബിളിലും പരാമർശമുള്ള പ്രദേശമാണിത്.
റിയാദ്: സൗദി നജ്റാനിലെ ഉഖ്ദൂദ് മേഖലയിൽ രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. സൗദി ഹെറിറ്റേജ് കമ്മീഷനു കീഴിലെ ഗവേഷകരാണ് ശിലാ ലിഖിതങ്ങളും വിവിധ രൂപങ്ങളും കണ്ടെത്തിയത്. ഖുർആനിലും ബൈബിളിലും പരാമർശമുള്ള പ്രദേശമാണിത്.
നജ്റാൻ പട്ടണത്തിന്റ നടുക്കാണ് ഉഖ്ദൂദ് എന്ന പുരാതന താമസ മേഖല. ഈ ഭാഗം നിലവിൽ പുരാവസ്തു വിഭാഗത്തിന് കീഴിലാണ്. ആധുനിക ഇസ്ലാമിക കാലഘട്ടത്തിനു മുമ്പുള്ള പുരാവസ്തുക്കളാണ് ഇവിടെ കണ്ടെത്തിയത്. വെങ്കല ലോഹം കൊണ്ടു നിർമിച്ച പശുവിന്റെ തല, മോതിരങ്ങൾ, ശിലാ ലിഖിതങ്ങൾ എന്നിവയാണ് പുതുതായി കണ്ടെടുത്തത്.
ഗ്രാനൈറ്റ് കല്ലിലുള്ള പുരാതന ശിലാലിഖിതമാണ് ഏറ്റവും വലുത്. ദക്ഷിണ അറേബ്യയിൽ ഉപയോഗിച്ചിരുന്ന ലിപിയിലാണ് എഴുത്ത്. പൂമ്പാറ്റയുടെ ചിത്രപ്പണിയുള്ളതാണ് സ്വർണ്ണ മോതിരങ്ങൾ. നേരത്തെ നടന്ന പരിശോധനയിൽ ഇത്തരത്തിലുള്ള ആഭരണങ്ങൾ കണ്ടെടുത്തിരുന്നില്ല. പുരാതന കാലത്ത് യെമൻ രാജവംശങ്ങൾ ഭരിച്ചിരുന്ന പ്രദേശമാണിത്. വിവിധ വലിപ്പത്തിൽ ചുട്ടെടുത്ത കളിമണ്ണു ഭരണികൾ, വിവിധയിനം പിഞ്ഞാണപാത്രങ്ങൾ തുടങ്ങിയവയെല്ലാം ബി.സി മൂന്നാം നൂറ്റാണ്ടിനു മുമ്പ് ഉപയോഗിച്ചിരുന്നവയാണ്. ഇവ സമൃദ്ധമായി ഈ മേഖലയിലുണ്ട്.