സൗദിയിലെ പ്രമുഖ ബാങ്കുകളായിരുന്ന സാംബയുടെയും എൻ.സി.ബിയുടെയും ലയന നടപടികൾ പൂർത്തിയായി
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ലയനത്തിന്റെ ഭാഗമായി പുതിയ ബാങ്ക് നിലവിൽ വന്നത്
സൗദിയിലെ പ്രമുഖ ബാങ്കുകളായിരുന്ന സാംബയുടെയും എൻ.സി.ബിയുടെയും ലയന നടപടികൾ പൂർത്തിയായി. പുതുതായി നിലവിൽ വന്ന സൗദി നാഷണൽ ബാങ്കിന് കീഴിലാണ് ഇരു ബാങ്കുകളും ലയിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി സൗദി നാഷണൽ ബാങ്ക് മാറി.
രാജ്യത്തെ മുൻ നിര ബാങ്കുകളായിരുന്ന സാംബയും അൽ അഹ്ലി അഥവ എൻ.സി.ബി യും തമ്മിലുള്ള ലയനമാണ് പൂർത്തിയായത്. കഴിഞ്ഞ ജനുവരി ആറോട് കൂടി ഇരു ബാങ്കുകളുടെയും ലയന നടപടികൾ പൂർത്തിയായതായി സമിതി അറിയിച്ചു. പുതുതായി നിലവിൽ വന്ന സൗദി നാഷണൽ ബാങ്ക് അഥവാ എസ്.എൻ.ബിക്ക് കീഴിലാണ് ഇരു ബാങ്കുകളും ലയിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ലയനത്തിന്റെ ഭാഗമായി പുതിയ ബാങ്ക് നിലവിൽ വന്നത്. ലയനത്തോടനുബന്ധിച്ച് ഇരു ബാങ്കുകളിലെയും കോർപ്പറേറ്റ്, വ്യക്തിഗത അകൗണ്ടുകൾ ബ്രാഞ്ചുകൾ എന്നിവ പുതിയ ബാങ്കിനു കീഴിൽ ലയിപ്പിച്ചു. ഒന്നേ ദശാംശം നാല് ദശലക്ഷം വ്യക്തിഗത അകൗണ്ടുകൾ, പതിനൊന്നായിരം കോർപ്പറേറ്റ് അകൗണ്ടുകൾ എന്നിവ പുതുതായി അനുവദിച്ചതായി ബാങ്ക് അധികൃതർ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്.എൻ.ബി മാറി. ഒപ്പം ജി.സി.സിയിലെ മുൻ നിര ബാങ്കുകളുടെ പട്ടികയിലും സൗദി നാഷണൽ ബാങ്ക് ഇടം നേടി.