സൗദിയിൽ സംഭാവനകൾക്ക് പുതിയ വ്യവസ്ഥകൾ; അനുമതി ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രം

വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കരുതെന്നും വ്യവസ്ഥയിലുണ്ട്.

Update: 2023-05-01 18:56 GMT
Advertising

റിയാദ്: സൗദി അറേബ്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നതിന് പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിലായി. ലൈസൻസുള്ള സ്ഥാപനങ്ങൾക്കും സൗദി പൗരന്മാർക്കും മാത്രമേ ഇനി മുതൽ ധനസമാഹരണത്തിന് അനുമതിയുള്ളൂ. വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കരുതെന്നും വ്യവസ്ഥയിലുണ്ട്.

സംഭാവനകൾ ശേഖരിക്കുന്നതിൽ സുതാര്യത വർധിപ്പിക്കുക, കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുക തുടങ്ങിയവയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ധനസമാഹരണം ഉദ്ദേശിക്കുന്നവർ മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്ന് ആദ്യം ലൈസൻസ് നേടണം. പിന്നീട് ഇതിനായി ബാങ്ക് അക്കൗണ്ട് തുടങ്ങണം.

ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മന്ത്രാലയത്തിന് സമർപ്പിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. ലൈസൻസ് വ്യവസ്ഥകൾ ലംഘിക്കുന്ന സാഹചര്യത്തിൽ ലൈസൻസ് പിൻവലിക്കാനും സംഭാവനകൾ ശേഖരിക്കുന്നത് നിർത്താനും വരുമാനം കണ്ടുകെട്ടാനും മാനവ വിഭവശേഷി മന്ത്രാലയത്തിന് അവകാശമുണ്ട്. ഒരു വർഷത്തേക്കാണ് ലൈസൻസ് ലഭിക്കുക. ലൈസൻസുള്ള എൻ.ജി.ഒകൾക്ക് അവരുടെ ആസ്ഥാനം വഴിയോ ശാഖകൾ വഴിയോ സംഭാവനകൾ ശേഖരിക്കാം.

വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കരുതെന്നും വ്യവസ്ഥയിലുണ്ട്. പ്രത്യേക അനുമതിയില്ലാതെ രാജ്യത്തിന് പുറത്ത് നിന്ന് പണമോ ചെക്കുകളോ സ്വീകരിക്കരുത്. രാജ്യത്തിന് പുറത്തുള്ള വ്യക്തിക്കോ സ്ഥാപനത്തിനോ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയില്ലാതെ സംഭാവന നൽകരുതെന്നും നിയമത്തിലുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News