സൗദിയിലുള്ളവർക്ക് ഉംറക്ക് വരാം. ജൂലൈ 9 മുതൽ പെർമിറ്റുകൾ ലഭ്യം

ജൂലൈ 9 മുതൽ ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാം. ജൂലൈ 11 മുതൽ മദീനയിലെ റൌദാ ശരീഫിലും പ്രവേശനം അനുവദിക്കും

Update: 2023-07-06 18:29 GMT
Advertising

സൌദിയിലുള്ളവർക്ക് വീണ്ടും ഉംറക്കും റൌദാ ശരീഫ് സന്ദർശിക്കാനും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി. ജൂലൈ 9 മുതൽ ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാം. ജൂലൈ 11 മുതൽ മദീനയിലെ റൌദാ ശരീഫിലും പ്രവേശനം അനുവദിക്കും. ഹജ്ജ് സീസണ് അവസാനിച്ചതോടെയാണ് ഉംറ പെർമിറ്റുകൾ വീണ്ടും അനുവദിച്ച് തുടങ്ങിയത്.

ഹജ്ജ് കർമ്മങ്ങൾക്കായി ഹാജിമാർ എത്തി തുടങ്ങിയതോടെ ജൂണ് 14 മുതലാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിറുത്തി വെച്ചത്. ജൂലൈ 8 വരെ ഈ നിയന്ത്രണം തുടരുമെന്ന് നേരത്തെ തന്നെ മന്ത്രാലം അറിയിച്ചിരുന്നു. ഈ കാലയളവിൽ ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു ഉംറക്ക് അനുമതി.

നേരത്തെ നിശ്ചയിച്ചിരുന്ന നിയന്ത്രണ കാലാവധി അവസാനിക്കാറായതോടെയാണ് ജൂലൈ 9 അഥവാ ദുൽഹജ്ജ് 20 മുതൽ ഉംറ ചെയ്യാൻ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്. കഴിഞ്ഞ സീസണിലേതിന് സമാനമായ രീതിയിൽ രണ്ട് മണിക്കൂർ വീതമാണ് ഉംറക്കുള്ള സമയം. ഈ രീതിയിലുള്ള 12 ടൈം സ്ലോട്ടുകളാണ് ഓരോ ദിവസവും അനുവദിക്കുക. മദീനയിലെ റൌളാ ശരീഫിൽ നമസ്കിക്കുന്നതിനും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി.

ജൂലൈ 11 മുതലാണ് റൌളയിലേക്കുള്ള പ്രവേശനം ആരംഭിക്കുക. അര മണിക്കൂറാണ് ഒരാൾക്ക് റൌളയിൽ അനുവദിക്കുന്ന സമയം. നുസുക് ആപ്പ് വഴിയാണ് ഉംറക്കും റൌദാ ശരീഫിൽ നമസ്തകരിക്കുന്നതിനും പെർമിറ്റ് എടുക്കേണ്ടത്. സന്ദർശക വിസയിലെത്തിയവരുൾപ്പെടെ ഏത് വിസയിൽ എത്തുന്നവർക്കും ഉംറക്കും മദീന സന്ദർശനത്തിനും അനുമതിയുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ജൂലൈ 19 മുതൽ സൌദിയിലേക്ക് എത്തി തുടങ്ങും.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News