റമദാനില്‍ വൈദ്യുതി ബന്ധം വിഛേദിക്കില്ല; കുടിശ്ശിക തുകയുടെ നിശ്ചിത വിഹിതം അടക്കാന്‍ സൗകര്യം
പകുതിയില്‍ കുറഞ്ഞ തുകയും ബാങ്ക് വഴി അടക്കാം
സൗദിയില്‍ ബില്‍ കുടിശിക വരുത്തിയതിന് റമദാനില്‍ വൈദ്യുതി കണക്ഷന്‍ വിഛേദിക്കാന്‍ പാടില്ലെന്ന് വൈദ്യുതി റെഗുലേറ്ററി അതോറിറ്റി. ബില്‍ തുക ആയിരം റിയാലില്‍ താഴെയാണെങ്കില്‍ യാതൊരു കാരണവശാലും വൈദ്യുതി കണക്ഷന്‍ വിഛേദിക്കാന്‍ പാടില്ല. കുടിശ്ശിക വരുത്തിയ തുകയുടെ ഒരു ഭാഗം മാത്രം അടക്കാനും ഉപഭോക്താക്കള്‍ക്ക് അനുവാദമുണ്ടെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.
ബില്‍ കുടിശ്ശികയുടെ പേരില്‍ റമദാനില്‍ വൈദ്യുതി ബന്ധം വിഛേദിക്കരുതെന്ന് ഇലക്ട്രിസിറ്റി അതോറിറ്റി കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. കുടിശ്ശിക തുക ആയിരം റിയാലില്‍ കൂടുതലെത്തുമ്പോഴാണ് കണക്ഷന്‍ വിഛേദിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക.
വൈദ്യുതി ബന്ധം വിഛേദിക്കുന്നത് പരമാവധി കുറക്കുന്നതിന്റെ ഭാഗമായി അതോറിറ്റി കൂടുതല്‍ ഇളവുകളനുവദിച്ചു. ഇനി മുതല്‍ ബില്‍ തുകയുടെ നിശ്ചിത വിഹിതം അടച്ച് നടപടി ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകുമെന്ന് ഇലക്ട്രിസിറ്റി അതോറ്റി അറിയിച്ചു.
കുടിശ്ശിക വരുത്തിയ ബില്‍ തുകയുടെ പകുതി അടക്കുന്നതിനാണ് നിലവില്‍ അനുവാദമുള്ളത്. എന്നാല്‍ വിഛേദിച്ച കണക്ഷന്‍ പുനസ്ഥാപിക്കുന്നതിന് കുടിശ്ശികയുടെ പകുതി അടക്കല്‍ നിര്‍ബന്ധമാണ്. റമദാനിന് പുറമേ സ്‌കൂള്‍ പരീക്ഷയുടെ കാലയളവ്, പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വ്യക്തികളുള്ള വീടുകള്‍ തുടങ്ങിയ ഏഴ് സാഹചര്യങ്ങളിലും വൈദ്യുതി ബന്ധം വിഛേദിക്കുന്നത് അതോറിറ്റി വിലക്കിയിട്ടുണ്ട്.