സൗദിയില്‍ പരിശോധ തുടരുന്നു; 120 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യവുമായ 330 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയ 11 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യവുമായ 330 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
ജിസാൻ പ്രവിശ്യയിൽപ്പെട്ട സ്വാംതയിലെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നഗരസഭാധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ആരോഗ്യ, നഗരസഭാ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും റസ്റ്റോറൻ്റുകളിലും മൊബൈൽ സ്റ്റോറുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലുമായി 1,340 ഫീൽഡ് പരിശോധനകളാണ് കഴിഞ്ഞ മാസം നടത്തിയത്.
ഇതിലൂടെ ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 11 സ്ഥാപനങ്ങൾ അടച്ച് പൂട്ടുകയും, ആരോഗ്യ, നഗരസഭാ വ്യവസ്ഥകൾ ലംഘിച്ച 120 സ്ഥാപനങ്ങൾക്ക് അധികൃതർ പിഴ ചുമത്തുകയും ചെയ്തു. പഴകിയതും ഉപയോഗശൂന്യമായ 330 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായും സ്വാംത ബലദിയ മേധാവി അറിയിച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരും. നിയമ ലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് 911 എന്ന നമ്പറിൽ അറിയിക്കണമെന്ന് സ്വാംത ബലദിയ മേധാവി എൻജിനീയർ അഹ്മദ് ഹികമി ആവശ്യപ്പെട്ടു.