സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്ക് പണമയക്കൽ കുറഞ്ഞു; കഴിഞ്ഞ മാസം 100 കോടി റിയാലിൻ്റെ കുറവ്
കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 1160 കോടി റിയാലായിരുന്നു സൌദിയിലെ വിദേശികൾ സ്വദേശങ്ങളിലേക്കയച്ചത്. എന്നാൽ കഴിഞ്ഞ മാസം ഇത് 1060 കോടി റിയാലായി കുറഞ്ഞു
സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വൻ കുറവ് . 2022 ജൂലൈ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം 100 കോടി റിയാലിൻ്റെ കുറവാണുണ്ടായത്.തുടർച്ചയായ 15 ാമത്തെ മാസമാണ് പണമയച്ചതിൽ കുറവ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 1160 കോടി റിയാലായിരുന്നു സൌദിയിലെ വിദേശികൾ സ്വദേശങ്ങളിലേക്കയച്ചത്. എന്നാൽ കഴിഞ്ഞ മാസം ഇത് 1060 കോടി റിയാലായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 8 ശതമാനത്തിൻ്റെ കുറവാണുണ്ടായത്. മാത്രവുമല്ല ഇത് തുടർച്ചായ 15ാമത്തെ മാസമാണ് വിദേശികളുടെ പണമയക്കൽ കുറയുന്നതെന്നും സെൻട്രൽ ബാങ്കിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജൂണ്‍ മാസത്തെ അപേക്ഷിച്ചും കഴിഞ്ഞ മാസം രണ്ട് ശതമാനത്തിൻ്റെ കുറവുണ്ടായി. ഈ വർഷം ആദ്യ ആറ് മാസത്തിൽ 6,190 കോടി റിയാലാണ് പ്രവാസികൾ നാട്ടിലേക്കയച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7,660 കോടി റിയാൽ വിദേശികൾ നാട്ടിലേക്കയച്ചിരുന്നു. 19.1 ശതമാനത്തിൻ്റെ കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ മാസം വ്യക്തിപരമായ ആവശ്യങ്ങൾക്കായി സൗദി പൗരന്മാർ വിദേശങ്ങളിലേക്ക് അയച്ച പണത്തിലും ഏഴു ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 580 കോടി റിയാലാണ് സ്വദേശികൾ വിദേശത്തേക്ക് അയച്ചത്. കഴിഞ്ഞ കൊല്ലം ജൂലൈ മാസത്തിൽ ഇത് 615 കോടി റിയാലായിരുന്നു. തുടർച്ചയായി ഒമ്പതാം മാസമാണ് സ്വദേശികൾ വിദേശത്തേക്ക് അയക്കുന്ന പണത്തിലും കുറവ് രേഖപ്പെടുത്തുന്നത്.