മികച്ച വേതനവും സൗകര്യങ്ങളും; സൗദിയില്‍ ഫുട്ബോള്‍ റഫറിമാര്‍ക്ക് നല്ല കാലമെന്ന് റിപ്പോർട്ട്
രാജ്യത്ത് റഫറിമാരുടെ ജോലി 6 ഇരട്ടിയായി വര്‍ധിച്ചതായി പ്രാദേശിക പത്രം തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ദമ്മാം: സൗദിയിൽ ഫുട്‌ബോൾ റഫറിമാർക്ക് കൂടുതൽ അവസരവും മികച്ച വേതനവും ലഭ്യമാകുന്നതായി റിപ്പോർട്ട്. 2024 നാലാം പാദം പൂർത്തിയാകുമ്പോൾ രാജ്യത്ത് റഫറിമാരുടെ ജോലി 6 ഇരട്ടിയായി വർധിച്ചതായി പ്രാദേശിക പത്രം തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദി സൂപ്പർ കപ്പ്, സൗദി റോഷൻ ലീഗ് മത്സരങ്ങളുടെ റഫറി ജോലിയിലേർപ്പെട്ടിരിക്കുന്നവരുടെ എണ്ണത്തിലാണ് വലിയ വർധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ മുഴുസമയ റഫറിമാരായി ഏഴ് പേർ മാത്രമുണ്ടായിരുന്നിടത്ത് ഇത്തവണ റഫറിമാരുടെ എണ്ണം 52ലെത്തി. പ്രതിമാസം ഏഴായിരം റിയാലാണ് ഇവരുടെ വേതനം. ഇതിന് പുറമേ മാച്ച് ബോണസായി 3500 മുതൽ 6500 റിയാൽ വരെ തുക അധികമായും ലഭിക്കുന്നു. ഇത്തരത്തിൽ പ്രതിവർഷം റഫറിമാരുടെ ശമ്പള ഇനത്തിൽ രാജ്യം ചിലവഴിക്കുന്നത് 6.5 ദശലക്ഷം റിയാലാണെന്നും റിപ്പോർട്ട് പറയുന്നു. ഇവർക്ക് പുറമേ പാർട്ട ടൈം റഫറിമാരും മേഖലയിൽ സജീവമാണ്. ഇത്തരക്കാർക്ക് മാസവേതനം ഒഴികെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. ഇതിനിടെ 2025ലേക്കുള്ള ഫിഫ അംഗീകൃത സൗദി റഫറിമാരുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വന്നു. 21 പുരുഷ റഫറിമാരും 3 വനിത റഫറിമാരും അടങ്ങുന്നതാണ് പട്ടിക.