സൗദിയിലേക്കുള്ള മടങ്ങിവരവ്; ഒരു ഡോസ് വാക്സിനെടുത്തവർക്ക് ക്വാറന്റൈൻ നിർബന്ധം
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഇമ്യൂണായവർക്ക് സൗദിയിൽ ക്വാറന്റൈൻ വേണ്ട.
ഒരു ഡോസ് വാക്സിൻ മാത്രമെടുത്ത് നാട്ടിലേക്ക് പോയവർക്ക് സൗദിയിൽ തിരികെ പ്രവേശിക്കാൻ ഹോട്ടൽ ക്വാറന്റെൻ നിർബന്ധമെന്ന് സൗദി എയർലൈൻസ്. തവക്കൽനാ ആപ്ലിക്കേഷനും സമാന രീതിയിൽ കഴിഞ്ഞ ദിവസം ഇതേ മറുപടി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ സിവിൽ ഏവിയേഷൻ അതോറ്റിയുടെ അറിയിപ്പൊന്നും വിഷയത്തിൽ വന്നിട്ടില്ല.
സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി സെപ്റ്റംബറിൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം ഒരു ഡോസ് സ്വീകരിച്ച് ഇമ്യൂണായവർക്കും സൗദിയിലേക്ക് തിരികെ പ്രവേശിക്കാം. ഇവർക്ക് സൗദിയിൽ ക്വാറന്റൈൻ ആവശ്യമില്ല. മറ്റൊരു രാജ്യത്ത് പതിനാല് ദിവസം തങ്ങിയാൽ മതി. ഇന്നും സമാന രീതിയിൽ സൗദിയിലേക്ക് പ്രവാസികളെത്തിയിട്ടുണ്ട്. എന്നാൽ സൗദി എയർലൈൻസ് പുറത്തിയ പുതിയ അറിയിപ്പ് പ്രകാരം ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ച് ഇമ്യൂണായവർക്കും സൗദിയിൽ ക്വാറന്റൈൻ വേണം. തവക്കൽനാ ആപ്ലിക്കേഷനിൽ ബന്ധപ്പെട്ടവർക്കും സമാന രീതിയിലാണ് മറുപടി ലഭിക്കുന്നത്. ഇതിനാൽ തന്നെ യാത്ര സംബന്ധിച്ച് ഒരു ഡോസ് മാത്രം സ്വീകരിച്ച് ഇമ്യൂണായവർ ആശങ്കയിലാണ്. ചിലരെ ഇക്കാരണത്താൽ വിമാനത്താവളത്തിൽ നിന്നും മടക്കുകയും ചെയ്തിരുന്നു. ഇതിൽ പക്ഷേ, സൗദി ആഭ്യന്തര മന്ത്രാലയമോ സിവിൽ ഏവിയേഷനോ പൊതു സമൂഹത്തിനായി പ്രത്യേക അറിയിപ്പൊന്നും നൽകിയിട്ടില്ല.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഇമ്യൂണായവർക്ക് സൗദിയിൽ ക്വാറന്റൈൻ വേണ്ട. ഇവരുടെ കയ്യിൽ തവക്കൽനാ ആപ്പില്ലെങ്കിൽ യാത്രക്ക് മുന്നേയുള്ള രജിസ്ട്രേഷന്റെ പ്രിന്റിൽ ഇക്കാര്യമുണ്ടായാലും യാത്ര ചെയ്യാം. ഒക്ടോബർ 10 മുതൽ വിമാനത്താവളമുൾപ്പെടെ എല്ലായിടത്ത് പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ അനുമതിയുണ്ടാകൂ. ഇതു പക്ഷേ വിദേശത്തു നിന്നും എത്തുന്നവർക്ക് ബാധകമല്ല. ഇവർക്ക് ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചാൽ മതി. ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് ഇമ്യൂണായവർക്കും സൗദിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുമെന്ന പ്രതീക്ഷിയാണ് പ്രവാസികൾ.