സൗദിയിൽ എണ്ണയിതര ഉൽപ്പന്നങ്ങളുടെ വരുമാനത്തിൽ 3100 കോടി റിയാലിന്റെ അധിക വരുമാനം
കഴിഞ്ഞ വർഷം പെട്രോളിതര വരുമാനം 8.41 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്
സൗദിയുടെ എണ്ണയിതര മേഖലയിൽ നിന്നുള്ള ബജറ്റ് വരുമാനത്തിൽ വൻവർധനവ് രേഖപ്പെടുത്തി. 3100 കോടി റിയാലിന്റെ അധിക വരുമാനമാണ് ഈ മേഖലയിൽ നിന്നും കഴിഞ്ഞ വർഷം ലഭിച്ചത്. പോയ വർഷത്തിൽ മൊത്തം ബജറ്റ് വരുമാനത്തിലും വർധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം പെട്രോളിതര വരുമാനം 8.41 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. എണ്ണയിതര ഉൽപ്പന്നങ്ങൾ വഴി 37,200 കോടി റിയാലാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. എന്നാൽ ഈ മേഖലയിൽ നിന്നുള്ള വരുമാനം 40,300 കോടി റിയാലായി ഉയർന്നു. മൊത്തം ബജറ്റ് വരുമാനത്തിലും വർധനവുണ്ടായി. ബജറ്റിൽ കണക്കാക്കിയിരുന്ന എണ്ണ വരുമാനം 55,800 കോടി റിയാലായിരുന്നിടത്ത് വരവ് 56,200 കോടി റിയാലായും ഉയർന്നു. എണ്ണ വരുമാനത്തിൽ 400 കോടി റിയാലിന്റെ അധിക വർധനവാണ് രേഖപ്പെടുത്തിയത്. മൊത്തം ബജറ്റ് വരുമാനം 93,000 കോടി റിയാലായി കണക്കാക്കിയിരുന്നത് 96,500 കോടി റിയാലായും ഉയർന്നു.