സൗദിയിൽ അതിവേഗം മാറുന്ന നഗരമായി റിയാദ്
സൗദിയിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ളതും റിയാദിലാണ്
തൊണ്ണൂറ്റി മൂന്നാമത്തെ ദേശീയ ദിനത്തിനായി സൗദി അറേബ്യ ഒരുങ്ങുന്നതിനിടെ ലോകത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ചക്ക് സാക്ഷ്യം വഹിക്കുകയാണ് തലസ്ഥാന നഗരിയായ റിയാദ്. അടുത്തിടെ പ്രഖ്യാപിച്ച വൻകിട പദ്ധതികളടക്കം റിയാദിന്റെ മുഖഛായ മാറ്റാൻ പോവുകയാണ്.
സൗദി തലസ്ഥാനവും രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യയുമാണ് റിയാദ്. 2000 ചതുരശ്ര കി.മീ വിസ്തീർണം. ജനസംഖ്യ എൺപത് ലക്ഷത്തോളം. 1744 മുതലാണ് റിയാദ് നഗരത്തിന്റെ ഭാവത്തിലേക്ക് മാറാൻ തുടങ്ങിയത്.
എന്നാൽ പുരാതന അറേബ്യൻ ചരിത്രത്തിനും മുന്നേ നജ്ദ് പ്രദേശം ചരിത്രത്തിലുണ്ട്. വിവിധ പുരാതന കേന്ദ്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. 1932ൽ ആധുനിക സൗദി അറേബ്യ രൂപീകരിക്കപ്പെട്ടതോടെ തലസ്ഥാനമായി റിയാദ് മാറി. അതുവരെ നജ്ദ് എന്ന നാട്ടുരാജ്യത്തിന്റെ കേന്ദ്രമായിരുന്നു. റിയാദിലെ വാദി ഹനീഫ എന്നറിയപ്പെടുന്ന താഴ്വരയിൽ നിന്നാണ് നജ്ദ് വംശത്തിന്റെ തുടക്കം. ഇന്ന് പശ്ചിമേഷ്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നാലാമത്തെ നഗരമാണ് റിയാദ്. ലേകത്തിൽ ഇന്ന് വേഗത്തിൽ വളരുന്ന നഗരങ്ങളിൽ ഒന്ന്.
റിയാദ് നഗരത്തിന്റെ ചുമതല ഇപ്പോൾ റോയൽ കമ്മീഷനാണ്. നഗരത്തെ പച്ചപിടിപ്പിക്കുന്ന റിയാദ് പദ്ധതിക്കും ന്യൂ മുറബ്ബ, ഖിദ്ദിയ്യ, സൽമാൻ പാർക്ക് ഉൾപ്പെടെ 20ലേറെ വൻകിട പദ്ധതികൾക്കും നഗരം സാക്ഷ്യം വഹിക്കുന്നു. സൗദിയിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ളതും റിയാദിലാണ്.
ലോകോത്തര പദ്ധതികൾ സൗദിയിലേക്ക് വരുന്നത് റിയാദ് വഴിയാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരത്തിലെത്തിയതോടെ റിയാദിലെ തലവരമാറി. രണ്ടു വർഷത്തിനിടെ സമീപ രാജ്യങ്ങളിൽ നിന്നെല്ലാം വിദേശ കമ്പനികൾ അവരുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റി. റിയൽ എസ്റ്റേറ്റ് രംഗം കുത്തനെ വളർന്നു. 93 ആം ദേശീയ ദിനം വരുമ്പോൾ റിയാദ് നഗരം ലോകോത്തര നിലവാരത്തിലേക്ക് വളരുകയാണ്.