സൗദി പൗരന്മാർക്ക് ഇ-വിസ അനുവദിച്ച് റഷ്യ
നിലവിലെ വിസ വ്യവസ്ഥയിൽ നിന്ന് സൗദിയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ റഷ്യ പ്രഖ്യാപിച്ചിരുന്നു
ജിദ്ദ: റഷ്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സൗദി പൗരന്മാർക്ക് പ്രവേശന വിസ ലഭിക്കാൻ ഇനി എംബസിയെ സമീപിക്കേണ്ടതില്ല. ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴി ഇ-വിസ ലഭിക്കും. മാത്രവുമല്ല നടപടിക്രമങ്ങളും എളുപ്പമാക്കിയിട്ടുണ്ട്. നിലവിലെ വിസ വ്യവസ്ഥയിൽ നിന്ന് സൗദിയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ റഷ്യ പ്രഖ്യാപിച്ചിരുന്നു.
സൗദിക്ക് പുറമെ ഗൾഫ് രാജ്യങ്ങളായ ബഹ്റൈൻ, കുവൈറ്റ്, ഒമാൻ എന്നിവയുൾപ്പെടെ 11 രാജ്യങ്ങൾക്ക് വിസ വ്യവസ്ഥയിൽ ഇളവ് നൽകുമെന്നായിരുന്നു പ്രഖ്യാപനം. റഷ്യാ-സൗദി ബന്ധം ഊഷ്മളമാകുന്നതിനിടെ യു.എസ് വിദേശകാര്യ സെക്രട്ടറിയും മറ്റു പ്രതിനിധികളും കഴിഞ്ഞ മാസങ്ങളിൽ സൗദിയിലെത്തിയിരുന്നു.
ഏഷ്യൻ രാജ്യങ്ങളുമായി സൗദി ബന്ധം ഊഷ്മളമാക്കുന്ന സാഹചര്യത്തിലായിരുന്നു യു.എസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനം. ഇതിന് പിറകെയാണ് ഇപ്പോൾ സൗദിയിലുള്ളവർക്ക് റഷ്യയിലേക്ക് ഇ-വിസ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം. പ്രതിരോധമുൾപ്പെടെ വിവിധ മേഖലകളിൽ റഷ്യയും സൗദിയും സഹകരണം ശക്തമാക്കിയിട്ടുണ്ട്.