ഗസ്സക്ക് സൗദിയുടെ സഹായം; ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ വിമാനം ഈജിപ്തിലെത്തി
മരുന്ന്, ഭക്ഷണം, താൽക്കാലിക പാർപ്പിട കേന്ദ്രങ്ങൾ, വെള്ളം എന്നിവടങ്ങുന്ന 35 ടണ്‍ അടിയന്തിര ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യവിമാനത്തിലുള്ളത്.
ജിദ്ദ: ഗസ്സയിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി സൗദിയുടെ ആദ്യ വിമാനം ഈജിപ്തിലെത്തി. താമസ സാമഗ്രികളുൾപ്പെടെയുള്ള 35 ടണ്‍ അടിയന്തിര സഹായ വസ്തുക്കളാണ് ആദ്യ വിമാനത്തിലുള്ളത്. ഫലസ്തീനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൗദിയിൽ നടക്കുന്ന ജനകീയ കാമ്പയിലൂടെ ഇത് വരെ ആയിരം കോടിയോളം രൂപ സമാഹരിച്ചു.
സൗദി ഭരണാധികാരിയുടേയും കിരീടീവകാശിയുടേയും പ്രത്യേക നിർദേശ പ്രകാരം കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിലാണ് ഗസ്സയിലേക്കുള്ള സഹായ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ന് ദുരിതാശ്വാസ സാമഗ്രികളുമായി റിയാദിൽ നിന്ന് പുറപ്പെട്ട സൗദിയുടെ ആദ്യ വിമാനം ഈജിപ്തിലെ അൽ അരീഷ് അന്താരാഷട്ര വിമാനത്താവളത്തിലിറങ്ങി. ഇവിടെ നിന്ന് റഫ അതിർത്തി വഴി ഗസ്സയിലേക്ക് സഹായ വസ്തുക്കൾ എത്തിക്കും. മരുന്ന്, ഭക്ഷണം, താൽക്കാലിക പാർപ്പിട കേന്ദ്രങ്ങൾ, വെള്ളം എന്നിവടങ്ങുന്ന 35 ടണ്‍ അടിയന്തിര ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യവിമാനത്തിലുള്ളത്.
ഫലസ്തീനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൗദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണ കാമ്പയിൻ സജീവമായി തുടരുകയാണ്. പൊതുജനങ്ങളിൽ നിന്നും വ്യവസായ പ്രമുഖരിൽ നിന്നും ഇതുവരെ 1000 കോടിയോളം രൂപ സമാഹരിച്ചു. വരും ദിവസങ്ങളിലും എയർ ബ്രിഡ്ജ് സംവിധാനത്തിലൂടെ ഗസ്സയിലേക്കുള്ള കൂടുതൽ സഹായവസ്തുക്കളുമായി സൗദിയുടെ വിമാനങ്ങൾ ഈജിപ്തിലെത്തും. കൂടാതെ കടൽ വഴി വേഗത്തിൽ സഹായമെത്തിക്കുന്നതിൻ്റെ സാധ്യതകൾ പഠിച്ച് വരികയാണെന്ന് കിങ് സൽമാൻ റിലീഫ് കേന്ദ്രം വക്താവ് ഡോ. സമർ അൽ ജുതൈലി പറഞ്ഞു.