സൗദിയിലെ പ്രതിദിന കോവിഡ് കേസുകള്‍ 4,000ന് മുകളില്‍
നിലവില്‍ പോസിറ്റീവായവരില്‍ 154 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു
Update: 2022-01-10 13:07 GMT
സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തിങ്കളാഴ്ച പുറത്തുവന്ന പുതിയ കണക്കുകളിലാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,778 പുതിയ പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തി.
വൈറസ് ബാധ മൂലമുണ്ടായ സങ്കീര്‍ണതകള്‍ മൂലം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 583,531 കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. രോഗബാധയുമായി ബന്ധപ്പെട്ട മരണങ്ങള്‍ 8,895 ആയും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 893 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ആകെ രോഗമുക്തരുടെ എണ്ണം 547,507 ആയാണ് ഉയര്‍ന്നിട്ടുള്ളത്. നിലവില്‍ പോസിറ്റീവായവരില്‍ 154 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.