സൗദിയിലെ നഗരങ്ങൾക്കകത്ത് ബസ് സർവീസുകൾ; പുതിയ കമ്പനികൾക്ക് ലൈസൻസ് നൽകാൻ തീരുമാനം
കമ്പനികളുടെ ലൈസൻസിനും പ്രവർത്തിക്കേണ്ട രീതിയും സംബന്ധിച്ച മാർഗരേഖയും പുറത്തു വിട്ടു.
സൗദിയിലെ നഗരങ്ങൾക്കകത്ത് ബസ് സർവീസുകൾ നടത്താൻ പുതിയ കമ്പനികൾക്ക് ലൈസൻസ് നൽകാൻ തീരുമാനം. കമ്പനികളുടെ ലൈസൻസിനും പ്രവർത്തിക്കേണ്ട രീതിയും സംബന്ധിച്ച മാർഗരേഖയും പുറത്തു വിട്ടു. രാജ്യത്തെ ഗതാഗത മേഖല മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. സൗദി പബ്ലിക്ക് ട്രാൻസ്പോർട് കമ്പനിയാണ് നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്നത്. സ്വകാര്യ കമ്പനികൾക്ക് കൂടി അനുമതി നൽകുന്നതോടെ മേഖലയിൽ ഗുണമേന്മയാണ് ലക്ഷ്യം വെക്കുന്നത്. സ്വകാര്യ ബസ് കമ്പനികൾക്കുള്ള പ്രധാന ചട്ടങ്ങക്ഷ ഇവയാണ്. കമ്പനികൾ പൊതുഗതാഗത അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടണം. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ അഥവാ സിആറും നിർബന്ധമാണ്.
ബസുകൾക്ക് അതോറിറ്റിയിൽ നിന്ന് ഓപ്പറേഷൻ കാർഡും ഡ്രൈവർ കാർഡും നേടണം. സർവീസ് നടത്താത്ത സമയങ്ങളിൽ നിർത്തിയിടാൻ ആവശ്യമായ യാർഡും വേണം.കമ്പനികളുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള ബസുകൾക്കേ സർവീസിന് അനുമതിയുണ്ടാകൂ. ബസുകൾക്ക് പത്തു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകാൻ പാടില്ല. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും അടിയന്തിര സാഹചര്യങ്ങളിലും സർക്കാറിന് ബസുകൾ വിട്ടുകൊടുക്കണം.
അതോറിറ്റി അംഗീകരിച്ച യാത്രക്കാരുടെ അവകാശങ്ങൾ ബസ് കമ്പനികൾ പാലിക്കേണ്ടതുണ്ട്.ഏതു സമയവും അപ്രതീക്ഷിതമായി ബസുകൾ സാങ്കേതിക പരിശോധനക്ക് വിധേയമാക്കാൻ അതോറിറ്റിക്ക് അധികാരമുണ്ട്. കമ്പനിയുടെയോ ജീവനക്കാരുടെയോ പിഴവുകൾ കാരണമുള്ളനാശനഷ്ടങ്ങൾക്ക് കമ്പനി നഷ്ടപരിഹാരം നൽകൽ നിർബന്ധമാണ്. ബസുകൾക്കകത്ത് പരസ്യങ്ങൾ പ്രദർശിപ്പിക്കാനും പതിക്കാനും കമ്പനികൾക്ക് അനുവാദമുണ്ടാകും. സൗദിവൽക്കരണ വ്യവസ്ഥകളും നഗരസഭാ, ട്രാഫിക് അതോറിറ്റി നിയമ വ്യവസ്ഥകളും കമ്പനികൾ പാലിക്കണം. പുതിയ കമ്പനികളെത്തുന്നതോടെ ഈ ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.