ഒമിക്രോൺ വ്യാപനം; സൗദിയില്‍ കോവിഡ് ചട്ടങ്ങള്‍ കർശനമാക്കി

മാസ്ക് ധരിക്കാതിരുന്നാൽ ആയിരം റിയാൽ പിഴ

Update: 2021-12-29 16:01 GMT
Advertising

ഒമിക്രോൺ പശ്ചാത്തലത്തിൽ സൗദിയിൽ എല്ലായിടത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. തിയേറ്ററുകളിൽ അമ്പത് ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. കച്ചവട സ്ഥാപനങ്ങളിലും മാളുകളിലും ഒന്നര മീറ്റർ അകലം പാലിക്കലും നിർബന്ധമാക്കി. നാളെ മുതൽ ഉത്തരവ് പ്രാബല്യത്തിലാകും.

ഒമിക്രോൺ വ്യാപനം കണക്കിലെടുത്താ ണ് പുതിയ തീരുമാനങ്ങൾ. 2021 ഡിസംബർ 30 അഥവാ നാളെ മുതൽ നടപ്പിലാകുന്ന മാറ്റങ്ങൾ ഇവയാണ്. കച്ചവട സ്ഥലങ്ങളിലും ജോലി സ്ഥലത്തും മാളുകളിലും പൊതു സ്ഥലത്തും മാസ്ക് നിർബന്ധമാണ്. വാഹനങ്ങളിലും ഇവ ധരിച്ചിരിക്കണം. മൂക്കും വായയും അടക്കം മറയുന്ന തരത്തിൽ മാസ്ക് ധരിക്കാതിരുന്നാൽ ആയിരം റിയാൽ പിഴയീടാക്കും. ഉപഭോക്താക്കൾ മാസ്ക് ധരിച്ചെന്ന് ഉറപ്പു വരുത്തേണ്ടത് വ്യാപാരികളാണ്.

കടകളിൽ കയറുമ്പോൾ ക്വു ആർ കോഡ് സ്കാൻ ചെയ്യിപ്പിക്കണം. ഇമ്യൂണായവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സ്ഥാപനത്തിനകത്ത് ആളുകൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം. ഇത് പാലിക്കാവുന്ന തരത്തിലുള്ള തിരക്കേ അകത്തുണ്ടാകാവൂ. ചട്ട ലംഘനമുണ്ടായാൽ പതിനായിരം റിയാലാണ് പിഴ.

തിയറ്ററിൽ ആകെ സീറ്റുകളിൽ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഒരു കുടുംബം ഒന്നിച്ച് കയറിയാൽ അഞ്ചു പേർക്ക് ഒന്നിച്ചിരിക്കാം. പിന്നീടുള്ള രണ്ട് സീറ്റുകൾ ഒഴിച്ചിടണം. പള്ളികളിൽ മാസ്കും ശാരീരിക അകലവും ഉറപ്പ് വരുത്തണം. രാജ്യത്തെ ഫുട്ബോൾ അസോസിയേഷനും പ്രോട്ടോകോൾ പാലിച്ചാകും നാളെ മുതൽ കളികൾ നടത്തുക. എല്ലായിടത്തും ഒരുപോലെ ബാധകമാണ് ചട്ടം. ഒമിക്രോൺ പശ്ചാത്തലത്തിലാണ് നേരത്തെ നൽകിയ ഇളവുകളെല്ലാം റദ്ദാക്കുന്നത്. ഇന്ന് എഴുന്നൂറിലേറെ കേസുകളുണ്ട് സൗദിയിൽ. വരും ദിനങ്ങളിൽ വർധിക്കുന്നത് മുൻകൂട്ടിക്കണ്ടാണ് കർശനമായ ചട്ടങ്ങൾ. ബൂസ്റ്റർ ഡോസ് വേഗത്തതിലാക്കാനും എല്ലാവർക്കും നിർദേശമുണ്ട്. കുട്ടികളിലും കോവിഡ് പടരുന്നത് കണക്കിലെടുത്ത് 5 വയസ്സ് മുതലുള്ളവർക്കും വാക്സിനേഷൻ തുടങ്ങിയിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News