സൗദി ലുലു മാർക്കറ്റുകളിൽ ഇന്ത്യാ ഉത്സവിന് തുടക്കം
സംസ്‌കാരം, വാണിജ്യം, പാചകകല എന്നിവയിലെ ഇന്ത്യൻ അനുഭവം അവതരിപ്പിക്കുന്ന വിപണനമേളയാണ് ലുലു ഹൈപർമാർക്കറ്റുകളിൽ ആരംഭിച്ച ഇന്ത്യ ഉത്സവ്.
റിയാദ്: 76-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി സൗദി അറേബ്യയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യ ഉത്സവിന് തുടക്കമായി. റിയാദ് ഇന്ത്യൻ എംബസിയുടെ ചുമതലയുള്ള എൻ. രാംപ്രസാദ് റിയാദ് മുറബ്ബയിലെ ലുലു ഹൈപ്പർമാർക്കറ്റ് അവന്യൂ മാളിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഉത്പന്നങ്ങളുടെ വിപുലമായ കളക്ഷനുമായാണ് ഫെസ്റ്റിവൽ.
സംസ്‌കാരം, വാണിജ്യം, പാചകകല എന്നിവയിലെ ഇന്ത്യൻ അനുഭവം അവതരിപ്പിക്കുന്ന വിപണനമേളയാണ് ലുലു ഹൈപർമാർക്കറ്റുകളിൽ ആരംഭിച്ച ഇന്ത്യ ഉത്സവ്. റിയാദിൽ ഇന്ത്യൻ എംബസിയിലെ അംബാഡിഡറുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ചുമതലുള്ള എൻ. രാംപ്രസാദ്, മുറബ്ബ ലുലു മാളിൽ ആഘോഷം ഉദ്ഘാടനം ചെയ്തു.
ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് അദ്ദേഹത്തെ വരവേറ്റു. ജിദ്ദയിൽ ഇന്ത്യൻ കോൺസുൽ ജനറൽ ഷാഹിദ് ആലം ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുമായി ലുലു ഗ്രൂപ്പിനുള്ള ഏറ്റവും അടുപ്പമുള്ള വാണിജ്യബന്ധത്തിന്റെ തെളിവാണ് ഇതെന്ന് സൗദി ലുലു ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു. ഇന്ത്യയിലെ പ്രാദേശിക ഭക്ഷണരീതികൾ, സെലിബ്രിറ്റി സന്ദർശനങ്ങൾ, അതിശയിപ്പിക്കുന്ന പ്രമോഷനുകൾ, ഫാഷൻ വസ്ത്രങ്ങൾ എന്നിവയുമായി ലുലുവിൽ അതുല്യമായ ഷോപ്പിങ് അനുഭവമാണ് 'ഇന്ത്യ ഉത്സവ്' സമ്മാനിക്കുകയെന്ന് ഗ്രൂപ് അറിയിച്ചു. വാദിലാൽ, ലാസ, അഗ്രോ സ്‌പെഷ്യൽ, എവറസ്റ്റ്, ഗോവിന്ദ് എന്നീ അഞ്ച് പുതിയ ഇന്ത്യൻ ബ്രാൻഡുകളുടെ ഉദ്ഘാടനം മേളയിൽ നടക്കും. ഒപ്പം വ്യത്യസ്ത ഇനങ്ങളിലായി 7,500 ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രത്യേക പ്രമോഷനും മേളയിലുണ്ട്. ഇന്ത്യയിലെ പ്രാദേശിക ഭക്ഷണവൈവിധ്യങ്ങളുടെ ആഘോഷമായ 'ഫ്‌ളവേഴ്‌സ് ഓഫ് ഇന്ത്യ'യും മേളയിലുണ്ട്. രാജ്യത്തെ മുഴുവൻ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ നടക്കുന്ന ഇന്ത്യ ഉത്സവ് മേള ഈ മാസം 20 വരെയുണ്ടാവും. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ദേശീയപതാകയുടെ മൂവർണത്തിലൊരുക്കിയ 75 മീറ്റർ നീളമുള്ള ഭീമമായ കേക്ക് മുറിച്ചു.