സൗദി ലാൻഡ് ബ്രിഡ്ജ് റെയിൽവേ പദ്ധതി അടുത്ത വർഷം ആരംഭിക്കും
ചൈനീസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്
ദമ്മാം: സൗദി ലാൻഡ് ബ്രിഡ്ജ് റെയിൽവേ പദ്ധതി അടുത്ത വർഷത്തോടെ ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. പദ്ധതിയുടെ അന്തിമ ചിലവും സാമ്പത്തിക സഹായവും സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന് സൗദി റെയിൽവേ അറിയിച്ചു. ആറു ലൈനുകൾ അടങ്ങുന്ന ബൃഹത്തായ റെയിൽവേ പദ്ധതിയുടെ കൺസോർഷ്യം സൗദി റെയിൽവേ കമ്പനിയും ചൈന സിവിൽ എഞ്ചിനിയറിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനും ചേർന്നാണ് രൂപികരിച്ചത്.
സൗദി അറേബ്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ് സൗദി ലാൻഡ് ബ്രിഡ്ജ് പദ്ധതി. ഏഴുന്നൂറ് കോടി ഡോളർ നിർമാണ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചിലവും സാമ്പത്തിക സഹായവും സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.
സൗദി-ചൈന ലാൻഡ്ബ്രിഡ്ജ് കൺസോർഷ്യം 2018 ഒക്ടോബറിലാണ് പൊതു-സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ആറു ലൈനുകൾ അടങ്ങുന്ന ബൃഹത് പദ്ധതിയുടെ ആദ്യ ഘട്ടം ജുബൈൽ ഇൻഡസ്ട്രീയൽ സിറ്റിയുടെ അകത്തുള്ള നിർമാണ പ്രവൃത്തികളും ട്രാക്കിന്റെ നീളം വർധിപ്പിക്കുന്നതും ഉൾപ്പെടുന്നു. ജുബൈൽ-ദമ്മാം പാത നവീകരണവും 35 കിലോമീറ്റർ പാതയുടെ നിർമാണവും രണ്ടാം ലൈനിൽ ഉൾപ്പെടുന്നു. ദമ്മമിൽ നിന്ന് റിയാദിലേക്കുള്ള നവീകരണവും 87 കിലോമീറ്റർ പാത നിർമാണവും മൂന്നാം ലൈനിൽ ഉൾപ്പെടുന്നു. നാലാമത്തേത് റിയാദ് റോഡ് ലൈൻ പദ്ധിതിയും അഞ്ചാം ലൈനിൽ റിയാദ് -ജിദ്ദ പോർട്ട് പാത നിർമാണവും ഉൾപ്പെടുന്നു. 920 കിലോമീറ്റർ നീളുന്നതാണ് ഈ പദ്ധതി. ആറാം ലൈനിൽ ജിദ്ദ തുറമുഖത്ത് നിന്ന് യാമ്പു വ്യവസായ സിറ്റിയിലേക്കുള്ള പുതിയ പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്.