സൗദിയിൽ മഴ ശക്തം; ആറു പേർ മരിച്ചു

മദീനയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്കായി തെരച്ചിൽ തുടരുകയാണ്

Update: 2023-01-04 19:27 GMT
Advertising

സൗദിയിൽ ശക്തമായ മഴയിൽ മൂന്ന് കുട്ടികളുൾപ്പെടെ ആറു പേർ കൂടി മരിച്ചു. മദീനയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്കായി തെരച്ചിൽ തുടരുകയാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായതോടെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മലയാളികളുടേതുൾപ്പെടെ നിരവധി സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി. നിരവധി വാഹനങ്ങളും ഒലിച്ച് പോയി. ഖുൻഫുദയിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. ബന്ധുക്കളായ അഞ്ച് കുട്ടികൾ കളിക്കുന്നതിനിടെ ഇവരിൽ മൂന്നു പേർ മുങ്ങി മരിക്കുകയായിരുന്നു. 9, 10, 12 പ്രായത്തിലുള്ള കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ദിവസം മക്കയിലെ കുദായിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ബർമ്മൻ പൌരൻ്റെ മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കുൾ അറിയിച്ചു.

മഴവെള്ളപ്പാച്ചിലിൽ വീടിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ ഒലിച്ച് പോകാൻ തുടങ്ങിയപ്പോൾ അത് മാറ്റിവെക്കാൻ പോകുന്നതിനിടെയാണ് 43 കാരനായ അബൂതാലിബ് അബ്ദുൽ ഹക്കീം ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിനിടെ ഒരു ഇരുമ്പ് വേലിയിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചുവെങ്കിലും വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ പിടിവിട്ട് പോകുകയായിരുന്നു. ഡ്രൈനേജിലേക്ക് പതിച്ച ഇദ്ദേഹത്തിൻ്റെ മൃതദേഹം പിന്നീട് 13 കിലോമീറ്റർ അകലെയുള്ള അൽ ഉകൈശിയ ഡിസ്ട്രിക്ടിൽ നിന്നാണ് സിവിൽ ഡിഫൻസ് കണ്ടെത്തുന്നത്.

മദീന പ്രവിശ്യയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇത് വരെ കണ്ടെത്തി. ഇതിൽ രണ്ടു പേർ വാഹനം ഒഴുക്കിൽപ്പെട്ടും ഒരാൾ ബദറിൽ വെച്ച് ഒഴുക്കിൽപ്പെട്ടുമാണ് മരിച്ചത്. അൽ ലൈത്തിന് തെക്ക് ഭാഗത്ത് അൽ വസഖ മാർക്കറ്റിൽ കാലിതീറ്റ കയറ്റിയ ഒരു ട്രക്ക് ഇടിമിന്നലേറ്റതിനെത്തുടർന്ന് കത്തി നശിച്ചു. രാജ്യത്തിൻ്റെ വിവധ ഭാഗങ്ങളിൽ മഴയും മിന്നലും ശക്തമായതിനാൽ, ജിദ്ദ, മക്ക, ജുമും, കാമിൽ, ബഹ്‌റ, റാബിഗ്, ഖുലൈസ്, തായിഫ് എന്നിവിടങ്ങളിൽ വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News