സൗദി ദേശീയ ദിനാഘോഷം; പ്രത്യേക ഒരുക്കങ്ങളുമായി പ്രതിരോധ മന്ത്രാലയം
93-ാമത് ദേശീയ ദിനാഘോഷം വർണാഭമാക്കാൻ വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് പ്രതിരോധ മന്ത്രാലയം ഒരുക്കുന്നത്
സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയം വിവിധ പരിപാടികൾ പ്രഖ്യാപിച്ചു. 13 നഗരങ്ങളിലായി ആകാശത്ത് വർണങ്ങൾ വിതറി എയർ ഷോകളും നാവിക പ്രദർശനങ്ങളും നടത്തും.രാജ്യത്തുടനീളം വൈവിധ്യങ്ങളായ മറ്റു നിരവധി പരിപാടികളും ഒരുക്കുന്നുണ്ട്.
93-ാമത് ദേശീയ ദിനാഘോഷം വർണാഭമാക്കാൻ വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് പ്രതിരോധ മന്ത്രാലയം ഒരുക്കുന്നത്. വിവിധ പ്രദേശങ്ങളിൽ വ്യോമ, നാവിക സേനകളുടെ പ്രത്യേക പ്രദർശനങ്ങൾ അരങ്ങേറും. റിയാദ്, ജിദ്ദ, ദഹ്‌റാൻ, ദമാം, അൽ ജൗഫ്, ജുബൈൽ, അൽ അഹ്‌സ, ത്വായിഫ്, അൽ ബഹ, തബൂക്ക്, അബഹ, ഖമീസ് മുഷൈത്ത്, അൽ ഖോബാർ എന്നീ 13 നഗരങ്ങളിൽ റോയൽ സൌദി എയർഫോഴ്സ് എയർ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. സൌദി ഫാൽക്കൺസ് ടീമും വിവിധ നഗരങ്ങളുടെ ആകാശത്ത് എയർ ഷോകൾ അവതരിപ്പിക്കും. ഇതിനായി എയർ ഫോഴ്സ് വിമാനങ്ങൾ പ്രത്യേക നിറം നൽകിയും സ്റ്റിക്കറുകൾ പതിച്ചും സജ്ജമാക്കി തുടങ്ങി.
റോയൽ സൌദി നാവിക സേനയുടെ നേൃത്വത്തിലും പ്രദർശങ്ങളുണ്ടാകും. ജിദ്ദ കടൽത്തീരത്ത് നാവികസേനയുടെ കപ്പൽ പരേഡ്, മറൈൻ സെക്യൂരിറ്റി ഗ്രൂപ്പ് ബോട്ടുകളുടെ പരേഡ്, ഹെലികോപ്റ്ററുകളുടെ എയർ ഷോ, സൈനിക പരേഡ് എന്നിവക്ക് പുറമെ സൈനിക വാഹനങ്ങളുടെ പരേഡ്, സായുധ സൈനിക പരേഡ്, സൈനിക നീക്കത്തിൻ്റെ ഡെമോ, കുതിരപ്പട പരേഡ്, സൗദി പതാകയുമായി ഫ്രീ ജംപ്, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം എന്നിവയും ഉണ്ടായിരിക്കും. ജുബൈലിലെ അൽ-ഫനതീർ ബീച്ചിലും സമാനമായ പരിപാടികളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.