2034 ഫിഫ ലോകകപ്പിന് വേദിയാകാൻ ശ്രമം തുടങ്ങി സൗദി; നാമനിർദേശം സമർപ്പിക്കും
സൗദി കിരീടാവകാശിയാണ് കായിക രംഗത്തെ സൗദിയുടെ അടുത്ത കാൽവെപ്പ് പ്രഖ്യാപിച്ചത്.
ജിദ്ദ: 2034 ഫിഫ ലോകകപ്പിന് വേദിയാകാൻ സൗദി അറേബ്യ ശ്രമം തുടങ്ങി. ഇതിനായി നാമനിർദേശം സമർപ്പിക്കുമെന്ന് സൗദി ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. സൗദി കിരീടാവകാശിയാണ് കായിക രംഗത്തെ സൗദിയുടെ അടുത്ത കാൽവെപ്പ് പ്രഖ്യാപിച്ചത്.
ഈ വർഷത്തെ ഫിഫ ക്ലബ്ബ് ലോകകപ്പിനും 2027ലെ ഏഷ്യൻ കപ്പ് ഫൈനലുകൾക്കും സൗദി അറേബ്യ വേദിയാകും. ഇതിന് പിന്നാലെ ഫിഫ അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിന് വേദിയാകാനാണ് സൗദിയുടെ നീക്കം.
വ്യത്യസ്ത വംശങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകൾക്ക് പരസ്പരം കണ്ടുമുട്ടാനുള്ള പ്രധാന മാർഗമാണ് കായിക മാമാങ്കങ്ങൾ. കായിക മേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ രാജ്യം നേടിയെടുക്കാൻ ശ്രമിക്കുന്നത് ഇതാണെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സൗദി ഒരു ഫുട്ബോൾ രാഷ്ട്രമാണന്നും എല്ലാ തലമുറകളിലുളളവർക്കും വേണ്ടിയുള്ള സ്വപ്നമാണിതെന്നും സൗദി ഫുട്ബോൾ ഫോറം പ്രസിഡന്റ് യാസിർ അൽ മിസ്ഹൽ പറഞ്ഞു.
സൗദി ദേശീയ ഫുട്‌ബോൾ ടീം ആറു തവണ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2021 മുതൽ ഫുട്‌ബോൾ പുരുഷ താരങ്ങളുടെ എണ്ണം 50 ശതമാനവും വനിത താരങ്ങളുടെ എണ്ണം 86 ശതമാനവും സൗദിയിൽ ഉയർന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ യുവതീ യുവാക്കൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന 18ലേറെ പ്രാദേശിക കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തിട്ടുണ്ട്. കൃത്യമായ പദ്ധതി അവിഷ്കരിച്ചാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി ഒരുങ്ങുന്നത്.