സൗദി സന്ദർശനം പൂർത്തിയാക്കി ബൈഡൻ മടങ്ങി; ഇരു രാജ്യങ്ങളും തമ്മിൽ പുതിയ ബന്ധത്തിലേക്ക്
ഇസ്രയേലുൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും സൗദിയുടെ വ്യോമപാത തുറന്നതുൾപ്പെടെയുള്ള പ്രഖ്യാപനം പ്രധാന നേട്ടമായി യുഎസ് കരുതുന്നു. പശ്ചിമേഷ്യയിൽ സൗദിയില്ലാതെ യുഎസിന് മുന്നോട്ട് പോകാനാകില്ലെന്ന പ്രഖ്യാപനം കൂടിയാണ് ഈ സന്ദർശനമെന്ന് യുഎസ് മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു.
റിയാദ്: സൗദി സന്ദർശനം പൂർത്തിയാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മടങ്ങി. ഏഴ് തന്ത്രപ്രധാന തീരുമാനങ്ങളാണ് ബൈഡനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്നലെ ചേർന്ന യോഗത്തിലെടുത്തത്. യമൻ വെടിനിർത്തൽ കരാറും സൗദിയുടെ സാങ്കേതിക വിദ്യാ വികസനവും ഇതിൽ ഉൾപ്പെടുന്നു. ഇസ്രയേലുൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും സൗദിയുടെ വ്യോമപാത തുറന്നതുൾപ്പെടെയുള്ള പ്രഖ്യാപനം പ്രധാന നേട്ടമായി യുഎസ് കരുതുന്നു. പശ്ചിമേഷ്യയിൽ സൗദിയില്ലാതെ യുഎസിന് മുന്നോട്ട് പോകാനാകില്ലെന്ന പ്രഖ്യാപനം കൂടിയാണ് ഈ സന്ദർശനമെന്ന് യുഎസ് മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു.
സൗദിയും യുഎസും എടുത്ത സുപ്രധാന തീരുമാനങ്ങൾ ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കുന്നതാണ്. വൈറ്റ് ഹൗസ് പുറത്തു വിട്ട അവയുടെ വിശദാംശങ്ങൾ:
ഇസ്രായേലിലേക്കും പുറത്തേക്കും പറക്കുന്ന സിവിലിയൻ വിമാനങ്ങൾക്ക് സൗദിയുടെ വ്യോമാതിർത്തി തുറന്നതാണ്. ഇന്നുവരെ, ഇസ്രായേലിലേക്കും പുറത്തേക്കും പറക്കുന്ന സിവിലിയൻ വിമാനങ്ങൾക്ക് സൗദി അറേബ്യയുടെ മുകളിലൂടെ പറക്കാൻ കഴിഞ്ഞിരുന്നില്ല. ഇസ്രയേലുമായി നയതന്ത്ര ബന്ധം സൗദിക്കില്ലാത്തതും സൗദിയുടെ ഫലസ്തീൻ നിലപാടുമായിരുന്നു കാരണം. എന്നാൽ ആഗോളതലത്തിൽ ചരക്കുനീക്ക ഹബ്ബാകാനുള്ള നീക്കം കൂടി കണക്കിലെടുത്ത് വ്യോമോതിർത്തി എല്ലാവർക്കും തുറന്നു നൽകാനാണ് സൗദിയുടെ തീരുമാനം. ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉണ്ടാകുമോ എന്നതാണ് ഇനി ബാക്കിയുള്ള ചോദ്യം. ജറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം പിറക്കാതെ ഇസ്രയേലുമായി അതുണ്ടാകില്ല എന്ന് ഇന്നലെ സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ വ്യക്തമാക്കി.
യെമനിലെ യുഎൻ-മധ്യസ്ഥ വെടിനിർത്തൽ തുടരാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. യെമനിലെ സ്ഥിതിഗതികളെക്കുറിച്ച് യുഎസ് പ്രസിഡന്റും സൗദി കിരീടാവകാശിയും വിശദമായ ചർച്ച നടത്തി. യമനിലേക്ക് ഇനി സൗദി ആക്രമണം ഉണ്ടാകില്ല. വെടിനിർത്തൽ തുടരും. ഏഴു വർഷത്തിന് ശേഷം ആദ്യമായി സൻആയിൽ നിന്ന് അമ്മാനിലേക്കും കെയ്റോയിലേക്കും നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാനും സൗദി സഹായിക്കും. യമനിലെ സെൻട്രൽ ബാങ്കിലേക്ക് സൗദിയും യുഎഇയും സംയുക്തമായി രണ്ടു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് യുഎസ് സ്വാഗതം ചെയ്തു.
ജി7 രാജ്യങ്ങളുടെ 2022 ജൂൺ 26 ന് നടന്ന ജി7 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ആഗോള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് പദ്ധതിയിൽ സൗദി നിക്ഷേപം നടത്തും. ജി സെവനിൽ അംഗമല്ലാത്ത സൗദി യുഎസുമായി സഹകരിച്ചാണ് ഇതിൽ നിക്ഷേപം നടത്തുക. യുഎസും സൗദിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും കരാർ ഗുണം ചെയ്യും. നീക്കത്തെ ബൈഡൻ സ്വാഗതം ചെയ്തു.
5G/6G-യിൽ സഹകരണത്തിന് സൗദിയും യുഎസും തമ്മിലെ സഹകരണമാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. യു.എസിലെയും സൗദിയിലെയും സാങ്കേതിക കമ്പനികളെ ഇതിനായി ബന്ധിപ്പിക്കും. യു.എസ് നാഷണൽ ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷനും സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും തമ്മിലുള്ള പുതിയ സഹകരണ മെമ്മോറാണ്ടം ഇതിനായി ഒപ്പുവെച്ചു.
ഊർജ സുരക്ഷയിൽ പുതിയ സഹകരണമാണ് അഞ്ചാമത്തെ കരാർ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആസൂത്രണം ചെയ്തിരുന്നതിനേക്കാൾ 50 ശതമാനം ഉൽപ്പാദനം വർധിപ്പിച്ചതിനെ അമേരിക്ക സ്വാഗതം ചെയ്തു. വരും ആഴ്ചകളിൽ ഈ നടപടികളും തുടർ നടപടികളും വിപണികളെ ഗണ്യമായി സ്ഥിരപ്പെടുത്താൻ സഹായിക്കും.
ക്ലീൻ എനർജി സഹകരണത്തിലും ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചു. ഊർജ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുമായി സൗദിയുടെ പുതിയ നിക്ഷേപങ്ങളുണ്ടാകും. സോളാർ, ഗ്രീൻ ഹൈഡ്രജൻ, ന്യൂക്ലിയർ, മറ്റ് ക്ലീൻ എനർജി സംരംഭങ്ങൾ എന്നിവയിൽ ഇരു രാജ്യങ്ങളും നിക്ഷേപം നടത്തും. കാർബൺരഹിത നീക്കത്തിനായുള്ള നൂതന സാങ്കേതികവിദ്യകളുടെ ഗവേഷണം, വികസനം, പ്രദർശനം എന്നിവയും വർധിപ്പിക്കും.
മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടാണ് ഏഴാമത്തെ ധാരണ. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും ബഹുമാനിക്കുന്നതും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് യുഎസ് മുന്നോട്ട് വെച്ച ധാരണയിൽ പറയുന്നു. ജമാൽ ഖഷോഗിയുടെ ദാരുണമായ കൊലപാതകം കിരീടാവകാശിയോട് ബൈഡൻ ഉന്നയിച്ചു.