സൗദി ഈ വർഷം സാമ്പത്തിക വളർച്ച നേടും; 1.9 ശതമാനം വരേയെത്തുമെന്ന് ഐ.എം.എഫ്
വന്‍കിട പദ്ധതികളിലൂടെ സ്വകാര്യ നിക്ഷേപങ്ങൾ വർധിക്കും. ഇത് അടുത്ത വര്‍ഷം പെട്രോളിതര മേഖലയുടെ വളര്‍ച്ചക്ക് സഹായിക്കും
റിയാദ്: സൗദിഅറേബ്യ ഈ വര്‍ഷം 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയനിധി. അടുത്ത വർഷം ഇത് 2.8 ശതമാനമായി ഉയരുമെന്നും സ്വകാര്യ നിക്ഷേപങ്ങൾ വർധിക്കുന്നതിലൂടെ, സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്) പറഞ്ഞു.
ഈ വർഷം സൗദി,1.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് ഐ.എം.എഫിൻ്റെ പ്രതീക്ഷ. അടുത്ത വർഷം ഇത് 2.8 ശതമാനായി ഉയരും. എന്നാൽ ഇതിലും മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട റിപ്പോർട്ട്. വന്‍കിട പദ്ധതികളിലൂടെ സ്വകാര്യ നിക്ഷേപങ്ങൾ വർധിക്കും. ഇത് അടുത്ത വര്‍ഷം പെട്രോളിതര മേഖലയുടെ വളര്‍ച്ചക്ക് സഹായിക്കുമെന്നും, അത് വഴി ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചക്ക് ഇടയാക്കുമെന്നുമാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്.
ലോക സമ്പദ് വ്യവസ്ഥ ഈ വര്‍ഷവും അടുത്ത വർഷവും മൂന്നു ശതമാനം വളര്‍ച്ച നേടുമെന്നും അന്താരാഷ്ട്ര നാണയനിധി പറഞ്ഞു. കഴിഞ്ഞ വർഷം 3.5 ശതമാനമായിരുന്നു ലോക സാമ്പത്തിക വളര്‍ച്ച. ഈ വർഷം ആഗോള തലത്തിൽ പണപ്പെരുപ്പം ശരാശരി 6.8 ശതമാനമായി കുറയും. കഴിഞ്ഞ വര്‍ഷം ഇത് 8.7 ശതമാനമായിരുന്നു.
കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയതിന്റെയും ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിന്റെയും പശ്ചാത്തലത്തില്‍ ലോകം ഇപ്പോഴും വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.