ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി സൌദി
55ശതമാനം വർധനവ് രേഖപ്പെടുത്തിയതായി സൗദി റെയിൽവേ മന്ത്രാലയം അറിയിച്ചു
റിയാദ്: ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി സൌദി. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ 55ശതമാനം വർധനവ് രേഖപ്പെടുത്തിയതായി സൗദി റെയിൽവേ മന്ത്രാലയം അറിയിച്ചു. യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും റെയിൽവേ ശൃഘല വികസിപ്പിക്കുന്നതിലും രാജ്യം വലിയ പുരോഗതി കൈവരിച്ചു. ചരക്ക് ഗതാഗതത്തിലും ഒരു വർഷത്തിനിടെ ആറ് ശതമാനം വർധനയുണ്ട്. .
റെയിൽ യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ഗതാഗതത്തിലും രാജ്യത്ത് വൻ വർധനവാണ് 2023 ൽ റിപ്പോർട്ട് ചെയ്തത്. കിഴക്കൻ വടക്കൻ റെയിൽ നെറ്റ്വർക്കുകൾ, ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ, അൽ മഷാഇർ റെയിൽ ലൈൻ എന്നിവയിലായി 1.12 കോടി പേർ കഴിഞ്ഞ വർഷം യാത്ര നടത്തി. സർവീസുകളുടെ എണ്ണത്തിലും 25 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. മുപ്പത്തി രണ്ടായിരത്തിലധികം സർവീസുകളാണ് പാസഞ്ചർ ട്രെയിനുകൾ കഴിഞ്ഞ വർഷം നടത്തിയത്.
കൂടാതെ ചരക്ക് ഗതാഗതത്തിലും റെയിൽവേ മികച്ച പ്രകടനം കാഴ്ചവച്ചു. 2.47 കോടി ടൺ ചരക്ക് ഗതാഗതമാണ് 2023ൽ രാജ്യത്ത് രേഖപ്പെടുത്തിയത്.ചരക്ക് ഗതാഗതം വർധിച്ചതോടെ ഇരുപത് ലക്ഷത്തിലധികം ട്രക്ക് സർവീസുകൾ ഒഴിവാക്കാനും സാധിച്ചു. ഇതിലൂടെ മുപ്പത് ലക്ഷത്തിലധികം ബാരൽ ഇന്ധനം ലാഭിക്കാൻ സാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.