സൗദിയിൽ എഴുപത് ശതമാനം പേരും രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു
സൗദിയിൽ എഴുപത് ശതമാനം ആളുകളും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചു. രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാക്കിയവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം. അഞ്ച് വയസ്സ് മുതൽ പ്രായമുള്ളവർക്ക് സൗദിയിൽ വാക്‌സിൻ ലഭ്യമാണ്.
ഡിസംബർ 17നാണ് സൗദിയിൽ ആദ്യ ഡോസ് വാക്‌സിൻ വിതരണം ചെയ്ത് തുടങ്ങിയത്. ഫെബ്രുവരി 18ന് രണ്ടാമത്തെ ഡോസിന്റേയും വിതരണം ആരംഭിച്ചു. ഇപ്പോൾ ബൂസ്റ്റർ ഡോസും നൽകി തുടങ്ങിയിട്ടുണ്ട്. ഇത് വരെ 24.28 മില്യൺ ആദ്യ ഡോസും, 21.7 മില്യൺ രണ്ടാം ഡോസും രാജ്യത്ത് വിതരണം ചെയ്തു. അതായത് രാജ്യത്തെ ആകെ ജനസംഖ്യയുടെ എഴുപത് ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു.
രണ്ടേമുക്കാൽ ലക്ഷത്തോളം ബൂസ്റ്റർ ഡോസും വിതരണം ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്ന കോവിഡ് കേസുകളുടെ എണ്ണത്തിലും മരണ സംഖ്യയിലും ഇന്ന് ഏറെ കുറവ് വന്നിരിക്കുന്നു. മുൻകരുതൽ നടപടികൾ പാലിക്കുന്നതിന്റേയും സമൂഹത്തിൽ വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയുമാണ് ഇതിന് കാരണം. അതിനാൽ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം പൂർത്തിയായ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. അഞ്ച് വയസ്സ് മുതൽ പ്രായമുള്ളവർക്ക് രാജ്യത്ത് വാക്‌സിൻ ലഭ്യമാണ്.