സൗദിയിലെ വധശിക്ഷാ കേസുകളിൽ ഒത്തു തീർപ്പുണ്ടാക്കാൻ പ്രത്യേക സമിതി

കൊലപാതകക്കേസുകളിൽ അനുരഞ്ജന സമിതികൾ രൂപീകരിക്കാൻ നിർദേശിച്ചുകൊണ്ടുള്ള നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

Update: 2023-02-13 15:18 GMT

Death penalty

Advertising

റിയാദ്: മക്ക പ്രവിശ്യയിലെ വിവിധ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നവരുടെ കേസുകളിൽ ഒത്തു തീർപ്പുണ്ടാക്കാൻ പ്രത്യേക സമിതി രൂപീകരിക്കുന്നു. മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് അനുരഞ്ജന സമിതികൾ രൂപീകരിക്കുക. മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ ഉത്തരവനുസരിച്ചാണ് സമിതി രൂപീകരിക്കുന്നത്.

കൊലപാതകക്കേസുകളിൽ അനുരഞ്ജന സമിതികൾ രൂപീകരിക്കാൻ നിർദേശിച്ചുകൊണ്ടുള്ള നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മക്കയിലെ അനുരജ്ഞന സമിതി രൂപീകരണത്തിന് മക്കാ ഗവർണറുടെ നിർദേശം. കൊലപാതക കേസുകളിലെ പ്രതികൾക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കുമിടയിൽ ചർച്ച നടത്തുകയാണ് ഒന്നാമത്തെ ഘട്ടം. പ്രതിയുടെ വധശിക്ഷ ഒഴിവാക്കാൻ അവരുടെ സമ്മതം തേടണം.

ദിയാദനം താങ്ങാനാകാത്ത സ്ഥിതിയും പല കേസുകളിലുമുണ്ട്. ഇതിൽ പരിഹാരം കാണുകയാണ് പുതിയ സമിതിയുടെ രണ്ടാമത്തെ ഉത്തരവാദിത്തം. അബദ്ധത്തിലോ ജീവരക്ഷാർഥമോ മനപ്പൂർവമല്ലാത്തതോ ആയ വധശിക്ഷാ കേസുകളാണ് സമിതി പരിഗണനക്ക് എടുക്കുക. ഗൂഢാലോചനക്ക് ശേഷം നടത്തുന്ന കൊലപാതകങ്ങൾ, വീട് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടയിലെ കൊലപാതകങ്ങൾ, ബലാത്സംഗ ശ്രമത്തിനിടയിലെ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോയി കൊല നടത്തൽ, വധത്തിന് ശേഷവും മൃതശരീരം വികൃതമാക്കൽ എന്നിവ പരിഗണിക്കില്ല. ഇവയിൽ വധശിക്ഷ തന്നെ നടപ്പാക്കും. സമിതിയുമായി സഹകരിക്കാൻ താൽപര്യമുള്ള സന്നദ്ധ പ്രവർത്തകർക്ക് ഗവർണറേറ്റുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കാം. ജിദ്ദയുൾപ്പെടെയുള്ള പ്രദേശങ്ങൾ മക്കാ പ്രവിശ്യയിലാണ് ഉൾപ്പെടുക.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News