ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഷേവിങ് കത്തികള്‍ വീണ്ടുമുപയോഗിച്ചാല്‍ 2000 റിയാല്‍ പിഴ
ജനുവരി 15 ശനിയാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു
റിയാദ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഷേവിങ് കത്തികള്‍ വീണ്ടും ഉപയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി അധികൃതര്‍. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമയ്ക്ക് 2000 റിയാല്‍ പിഴ ചുമത്തുമെന്നാണ് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പുരുഷന്മാരുടേയും കുട്ടികളുടെയും ബാര്‍ബര്‍ ഷോപ്പുകളിലും സലൂണുകളിലും ജനുവരി 15 ശനിയാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
കൂടാതെ, ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ഇരട്ടിയാക്കുകയും ഒരാഴ്ചത്തേക്ക് സ്ഥാപനം അടച്ചിടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പകര്‍ച്ചവ്യാധികളില്‍ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ക്കനുസൃതമായി സ്റ്റെയിന്‍ലെസ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മിച്ച അണുവിമുക്തമാക്കിയ ഷേവിങ് ടൂളുകള്‍, തുണി ടവ്വലുകള്‍ക്ക് പകരം ഉയര്‍ന്ന നിലവാരമുള്ള, പുനരുപയോഗയോഗ്യമല്ലാത്ത പേപ്പര്‍ ടവ്വലുകള്‍ എന്നിവയാണ് ഉപയോഗിക്കേണ്ടത്.
ഗുണഭോക്താക്കളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുക, അണുബാധ തടയുന്നതിനും സേവന നിലവാരം ഉയര്‍ത്തുന്നതിനുമാവശ്യമായ നടപടികള്‍ കൈകൊള്ളുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.