ദുല്‍ഹിജ്ജ മാസപ്പിറവി കാണുന്നവര്‍ അടുത്തുള്ള കോടതിയെ അറിയിക്കണമെന്ന് സൗദി സുപ്രീം കോടതി
ഈ വര്‍ഷത്തെ ദുല്‍ഹിജ്ജ മാസപ്പിറവി കാണുന്നവര്‍ അധികാരികളെ അറിയിക്കണമെന്ന് സൗദി സുപ്രീം കോടതി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
നാളെ ജൂണ്‍ 29, ബുധനാഴ്ചയാണ് മാസപ്പിറവി കാണാന്‍ സാധ്യതയുള്ളത്. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ നിര്‍ബന്ധമായും അടുത്തുള്ള കോടതിയെ അറിയിച്ച് അവരുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നാണ് രാജ്യത്തെ പരമോന്നത കോടതി ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുല്‍ഹിജ്ജയിലാണ് മക്കയിലെ പരിശുദ്ധ ഹജ്ജ് കര്‍മങ്ങളും, ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികളുടെ ബലിപെരുന്നാള്‍ ആഘോഷങ്ങളും നടക്കുക. ഈ ദിവസങ്ങളെല്ലാം മാസപ്പിറവി ദൃശ്യമാകുന്നതിനെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കപ്പെടുകയെന്നതും മാസപ്പിറവിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മിക്കവാറും ജൂലൈ 9ന് ബലിപെരുന്നാള്‍ ആവാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.