റിയാദ് സീസണിന്റെ ഭാഗമായി ഒരുക്കിയ വണ്ടർ ഗാർഡൻ സന്ദർശകർക്കായി തുറന്നു
എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയും വിധമാണ് വണ്ടർ ഗാർഡൻ ഒരുക്കിയിരിക്കുന്നത്
റിയാദ്: റിയാദ് സീസണിന്റെ ഭാഗമായി ഒരുക്കിയ വണ്ടർ ഗാർഡൻ സന്ദർശകർക്കായി തുറന്നു കൊടുത്തു. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ നിരവധി ആവേശകരമായ അനുഭവങ്ങളാണ് വണ്ടർ ഗാർഡന്റെ മൂന്ന് സോണുകളിലായി സംവിധാനിച്ചിരിക്കുന്നത്. വൈകുന്നേരം നാല് മുതൽ രാത്രി പന്ത്രണ്ട് മണിവരെയായിരിക്കും പ്രവേശനം.
എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയും വിധമാണ് സംവിധാനം. പ്രധാനമായും മൂന്ന് സോണുകളിലായാണ് വണ്ടർഗാർഡനെ തരം തിരിച്ചിരിക്കുന്നത്. ഫ്‌ലോറ, ബട്ടർഫ്‌ലൈ ഗാർഡൻ, ജംഗിൾ അഡ്വഞ്ചർ എന്നിങ്ങനെയാണ് സോണുകൾ.
വിവിധ തരത്തിലും, നിറത്തിലുള്ള പുഷ്പങ്ങളും മറ്റും ഉപയോഗിച്ച് ആകർഷകമായ രീതിയിലുള്ളതാണ്. ഫ്‌ലോറ സോൺ. ആയിരത്തിലധികം വ്യത്യസ്തയിനം ചിതൽ പുറ്റുകളും അതുമായി ബന്ധപ്പെട്ട നിരവധി ചിത്ര ശലഭങ്ങളെയും ബട്ടർഫ്‌ലൈ ഗാർഡൻ സോണിൽ കാണാം. ചിത്ര ശലഭങ്ങളുടെ ജീവിതചക്രം, പരിസ്ഥിതിയിൽ അവക്കുള്ള പങ്ക് എന്നിവ ഈ സോണിൽ നിന്നും പഠിക്കാൻ അവസരമുണ്ട്.
ജംഗിൾ അഡ്വഞ്ചർ സോൺ പേര് പോലെത്തന്നെ നിബിഡ വനാനുഭവം നൽകുന്നതാണ്. വിവിധ തരം മരങ്ങളാൽ സമ്പുഷ്ടമായ ഡാർക്ക് ഗാർഡനാണ് ഇവിടുത്തെ പ്രത്യേകത. വിവിധ തരത്തിലുള്ള വേഷങ്ങളണിഞ്ഞ ഘോഷയാത്രകളും, സ്റ്റേജ് ഷോകൾ, മറ്റു കലാപരിപാടികളും വണ്ടർ ഗാർഡന്റെ ഭാഗമാണ്.
റിയാദ് സീസന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ, മറ്റു ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ടിക്കറ്റുകൾ കരസ്ഥമാക്കിയവർക്കായിരിക്കും പ്രവേശനം അനുവദിക്കുക. പ്രായം, പ്രോഗ്രാമുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ടിക്കറ്റ് നിരക്ക്. വൈകുന്നേരം നാല് മുതൽ രാത്രി പന്ത്രണ്ട് മണിവരെയായിരിക്കും പ്രവേശനം.