അഫ്ഗാന്‍ ജനതയ്ക്ക് സഹായവുമായി സൗദിയുടെ രണ്ട് ദുരിതാശ്വാസ വിമാനങ്ങള്‍ പുറപ്പെട്ടു
65 ടണ്‍ ഭാരമുള്ള 1,647 ഭക്ഷണക്കിഴികളും 192 ബാഗുകളിലായി 746 കിലോഗ്രാം ഭാരം വരുന്ന മറ്റു നിത്യോപയോഗ സാധനസാമഗ്രികളുമാണ് ആദ്യപടിയായി പുറപ്പെട്ട വിമാനങ്ങളിലുള്ളത്
റിയാദ്: കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെ.എസ്.ആര്‍ റിലീഫ്) ന്റെ നേതൃത്വത്തില്‍ അഫ്ഗാന്‍ ജനതയ്ക്ക് സഹായവുമായി ആദ്യപടിയായി സൗദി സഹായ എയര്‍ലിഫ്റ്റിന്റെ രണ്ട് വിമാനങ്ങള്‍ പുറപ്പെട്ടു.
65 ടണ്‍ ഭാരമുള്ള 1,647 ഭക്ഷണക്കിഴികളും 192 ബാഗുകളിലായി 746 കിലോഗ്രാം ഭാരം വരുന്ന മറ്റു നിത്യോപയോഗ സാധനസാമഗ്രികളുമാണ് ആദ്യപടിയായി പുറപ്പെട്ട വിമാനങ്ങളിലുള്ളത്.
ഇരുവിശുദ്ധ ഗേഹങ്ങളുടെയും സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ ബിന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേയും അഫ്ഗാന്‍ ജനതയെ സഹായിക്കാനുള്ള പ്രത്യേക താല്‍പര്യവും നിര്‍ദേശവും പരിഗണിച്ചാണ് ഈ സഹായമെത്തിക്കലെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിങ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ആക്ഷന്‍ ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബിയ സൗദി പ്രസ് ഏജന്‍സിക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവര്‍ക്കായി കൂടുതല്‍ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി 197 ടണ്‍ ഭാരമുള്ള ഭക്ഷണവിഭവങ്ങളും 238 കിലോഗ്രാം ഭാരമുള്ള നിത്യോപയോഗ വസ്തുക്കളുമടങ്ങിയ ആറ് ദുരിതാശ്വാസ വിമാനങ്ങള്‍ കൂടി അയയ്ക്കുന്ന കാര്യവും സൗദി സഹായ എയര്‍ലിഫ്റ്റിന്റെ പരിഗണനയിലുണ്ട്.
കൂടാതെ, അഫ്ഗാനിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ സഹായമാവശ്യമുള്ളവര്‍ക്കായി 200 ട്രക്കുകളിലായി 1,920 ടണ്‍ ഭാരമുള്ള ഭക്ഷ്യവസ്തുക്കള്‍ പാക്കിസ്ഥാന്‍ വഴി എത്തിക്കാനുള്ള പദ്ധതിയും കെ.എസ്.ആര്‍ റിലീഫ് സെന്റര്‍ തയാറാക്കിവച്ചിട്ടുണ്ട്.
വിവേചനമേതുമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളെത്തിക്കുന്നതില്‍ സൗദി അറേബ്യയുടെ സുപ്രധാന പങ്കാണ് ഈ പ്രവര്‍ത്തനത്തിലൂടെ പ്രകടമാകുന്നതെന്ന് ഡോ. അല്‍-റബീഹ് അഭിപ്രായപ്പെട്ടു.