ഏകീകൃത ട്രാഫിക് സംവിധാനം ഉടൻ; ജി.സി.സി രാജ്യങ്ങളെ പരസ്പരം ബന്ധിക്കും
ജി.സി.സി രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നവർ ലംഘിക്കുന്ന എല്ലാ ട്രാഫിക് നിയമ ലംഘനങ്ങൾക്കും ഇതോടെ പിഴയടക്കേണ്ടി വരും
ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ ബന്ധിപ്പിക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലേക്കെന്ന് സംയുക്ത ട്രാഫിക് സമിതി. ഇത് വഴി ജിസിസി രാജ്യങ്ങളിലെ വാഹനാപകടങ്ങൾ കുറക്കാനും ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും സാധിക്കും. കൂടാതെ പിഴയടക്കാതെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്ന നിലവിലെ രീതിക്കും അവസാനമാകും. ഒരു രാജ്യത്ത് വെച്ച് നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ വിവരങ്ങൾ തത്സമയം മറ്റു രാജ്യങ്ങളിലേക്കും കൈമാറുന്നതാണ് പുതിയ ട്രാഫിക് ഏകീകൃത പദ്ധതി.
ഏത് രാജ്യത്താണോ ട്രാഫിക് നിയമ ലംഘനം രേഖപ്പെടുത്തപ്പെട്ടത് ആ രാജ്യത്ത് തന്നെ പിഴയടക്കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ജിസിസി രാജ്യങ്ങളിൽ എവിടെ വച്ച് പിഴ അടച്ചാലും അത് ട്രാഫിക് നിയമ ലംഘനം രേഖപ്പെടുത്തിയ രാജ്യത്തേക്ക് കൈമാറ്റം ചെയ്യപ്പെടും. അതായത് സൗദി അറേബ്യയിൽ നിന്നും മറ്റൊരു ജിസിസി രാജ്യത്തെത്തിയ ഒരാൾ ആ രാജ്യത്ത് വെച്ച് ട്രാഫിക് നിയമ ലംഘനം നടത്തിയാൽ അവിടെ വെച്ച് പിഴയടച്ചില്ലെങ്കിൽ സൗദിയിൽ തിരിച്ചെത്തിയ ശേഷം പിഴയടക്കാൻ സൌകര്യമുണ്ടാകും. ഇപ്രകാരം അടക്കുന്ന തുക നിയമലംഘനം രേഖപ്പെടുത്തിയ രാജ്യത്തേക്ക് ഉടനടി കൈമാറ്റം ചെയ്യപ്പെടും.
ജിസിസി രാജ്യങ്ങളില്‍ എവിടെ വച്ച് ട്രാഫിക് നിയമ ലംഘനമുണ്ടായാലും അതിനുള്ള പിഴ ഒടുക്കാതെ വാഹനം കൈമാറ്റം ചെയ്യാനോ മറ്റ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനോ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സാധിക്കില്ല. പദ്ധതി അന്തിമ ഘട്ടത്തിലെത്തിയതായും വൈകാതെ നടപ്പിലാക്കുമെന്നും, ഇതിനായി രൂപീകരിച്ച ജിസിസി രാജ്യങ്ങളിലെ ട്രാഫിക് വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് അറിയിച്ചു.