വേൾഡ് എക്‌സ്‌പോ 2030; പ്രത്യേക കമ്മറ്റി സൗദിയിൽ
തിങ്കളാഴ്ച ആരംഭിച്ച പദ്ധതി അവലോകനം മാർച്ച് 10 വരെ തുടരും
ജിദ്ദ: 2030-ലെ വേൾഡ് എക്‌സ്‌പോക്ക് ആതിഥ്യം വഹിക്കാൻ അപേക്ഷ നൽകിയ സൗദി അറേബ്യയിൽ പ്രത്യേക കമ്മിറ്റി അവലോകനം തുടരുന്നു. വേൾഡ് എക്സ്പോ 2030 ന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ നൽകിയ അപേക്ഷ പരിഗണിച്ചാണ് പ്രത്യേക കമ്മറ്റിയുടെ അവലോകനം. തിങ്കളാഴ്ച ആരംഭിച്ച പദ്ധതി അവലോകനം മാർച്ച് 10 വരെ തുടരും. എക്‌സ്‌പോക്ക് അപേക്ഷ നൽകിയ രാജ്യങ്ങളിൽ ഒരുക്കിയ സൗകര്യങ്ങളും സംവിധാനങ്ങളും വിവിധ പദ്ധതികളും കമ്മിറ്റി പരിശോധിക്കും.
സൗദിക്ക് പുറമെ അപേക്ഷ നൽകിയ ദക്ഷിണ കൊറിയ, ഇറ്റലി, യുക്രൈൻ, എന്നീ രാജ്യങ്ങളും സംഘം സന്ദർശിക്കുന്നുണ്ട്. പരിശോധക സംഘത്തിന്റെ കണ്ടെത്തലുകൾ ഈ വർഷം മെയ് മാസത്തിൽ ചേരുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി ചർച്ച ചെയ്യും. തുടർന്ന് ഈ വർഷം നവംബറിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ അംഗ രാജ്യങ്ങൾ രഹസ്യ ബാലറ്റിലൂടെയാണ് ആതിഥേയ രാജ്യത്തെ തെരഞ്ഞെടുക്കുക. 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെ റിയാദിൽ വെച്ച് എക്‌സ്‌പോ നടത്താനാണ് സൌദിയുടെ തീരുമാനം.
ശാസ്ത്ര സാങ്കേതിക വിദ്യകളിലെ മുന്നേറ്റം, സാംസ്‌കാരിക വൈവിധ്യം, പൈതൃകം, പരിസ്ഥിതി, സാമൂഹിക സാമ്പത്തിക രംഗം എന്നിവയിലെ ആഗോള മാറ്റങ്ങളാണ് എക്‌സ്‌പോയിൽ അവതരിപ്പിക്കുക. കിരീടാവകാശിയുടെ സാമൂഹിക പരിവർത്തന പദ്ധതിയിലൂടെ 2030 ഓടെ സർവ മേഖലയിലും സമ്പൂർണ മാറ്റം നടപ്പാകുന്ന രാജ്യമായി സൗദി മാറും. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് എക്‌സ്‌പോക്ക് വേദിയാകാൻ സൗദി അപേക്ഷ നൽകിയത്. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ ദുബായിൽ വെച്ചാണ് അവസാനമായി എക്‌സ്‌പോ നടന്നത്. 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെ ജപ്പാനിലെ കൻസായിയിലെ ഒസാക്കയിലാണ് അടുത്ത എക്‌സ്‌പോ അരങ്ങേറുക.