എസ്.എസ്.എൽ.സി; ഗൾഫിൽ 98.25% വിജയം, ഫുൾ എ പ്ലസുകാരുടെ എണ്ണം കുത്തനെ കുറഞ്ഞു
102 പേരാണ് ഗൾഫിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫിൽ 98.25 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേതിനേക്കാൾ വിജയശതമാനം വർധിച്ചു. കഴിഞ്ഞ തവണ 97.03 ശതമാനമായിരുന്നു വിജയം. അതേസമയം ഫുൾ എ പ്ലസുകാരുടെ എണ്ണം കുറഞ്ഞു.
102 പേരാണ് ഗൾഫിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 221 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടിയിരുന്നു. ആകെ 571കുട്ടികൾ പരീക്ഷ എഴുതിയതിൽ 561 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയിൽ മാത്രമാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് കേന്ദ്രമുള്ളത്. ഒമ്പത് സ്കൂളുകളിൽ പരീക്ഷക്കിരുന്നവരിൽ എ പ്ലസുകാരിൽ ഏറെയും പെൺകുട്ടികളാണ്. 77 പെൺകുട്ടികളും 25 ആൺകുട്ടികളുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ, ഉമ്മുൽഖുവൈൻ പ്രൈവറ്റ് ഇംഗ്ലീഷ് സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽഖുവൈൻ എന്നിവ നൂറു മേനി നേടി.
കേരളാ സിലബസ്സില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ അബൂദബിയിലെ ഏക വിദ്യാലയമായ അബൂദബി മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മികച്ച വിജയം നേടി. സ്‌കൂളില്‍ നിന്നു പരീക്ഷ എഴുതിയവരില്‍ 136 പേര്‍ ഉയര്‍ന്ന വിദ്യാഭ്യാസനത്തിനുള്ള യോഗ്യത നേടി. 34 പേര്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 15 പേര്‍ക്ക് പത്തുവിഷയങ്ങള്‍ക്ക് എ പ്ലസ് കിട്ടിയിട്ടുണ്ട്.