യു.എ.ഇ, ബഹ്റൈൻ സഹകരണം ശക്തമാക്കും; ബഹ്റൈൻ രാജാവിൻെറ സന്ദർശനം പൂർത്തിയായി
ത്രിദിന പര്യടനത്തിനു ശേഷം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അബൂദബിയിൽ നിന്ന് മടങ്ങി.
പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് എല്ലാ മേഖലകളിലും സഹകരണം വിപുലപ്പെടുത്താൻ യു.എ.ഇയും ബഹ്റൈനും തമ്മിൽ ധാരണ. ത്രിദിന പര്യടനത്തിനു ശേഷം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അബൂദബിയിൽ നിന്ന് മടങ്ങി. ഗൾഫ് മേഖലയുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരു രാജ്യങ്ങളും യോജിച്ച പ്രവർത്തനം നടത്തും.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വിശദമായ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനസഹകരണം മേഖലയുടെ പൊതുവായ സുരക്ഷയിൽ ഏറെ നിർണായകമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. എല്ലാ മേഖലയിലും ഇരു രാജ്യങ്ങളും സഹകരിക്കേണ്ടതിെൻറ ആവശ്യകതയും ചർച്ചയായി. വിജയകരമായിരുന്നു യുഎ.ഇ സന്ദർശനമെന്ന് അബൂദബിയിൽ നിന്ന് മടങ്ങും മുമ്പ് ബഹ്റൈൻ രാജാവ് പറഞ്ഞു. മേഖലയുടെ സുരക്ഷക്കും പുരോഗതിക്കുമായി യു.എ.ഇ പ്രസിഡൻറിെൻറ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ബഹ്റൈൻ രാജാവ് പ്രകീർത്തിച്ചു. ഇറാൻ ആണവ കരാർ, ഇസ്രായേൽ ബന്ധം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിൽ കടന്നുവന്നു. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടങ്ങിയവരും ചർച്ചകളിൽ സന്നിഹിതരായിരുന്നു.