വാഹനാപകടം: യുഎഇയിൽ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം

അൽഐനിൽ ഗ്രോസറി ജീവനക്കാരനായിരുന്ന മലപ്പുറം സ്വദേശി ഷിഫിനാണ് നഷ്ടപരിഹാരം

Update: 2024-09-09 11:20 GMT
Advertising

ദുബൈ: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യു.എ.ഇ ഫെഡറൽ സുപ്രീം കോടതി. സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടിൽ ഉമ്മർ മകൻ ഷിഫിന് അഞ്ച് മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. അൽഐനിൽ ഗ്രോസറി ജീവനക്കാരനായിരുന്നു ഷിഫിൻ.

2022 മാർച്ച് 26ന് നടന്ന അപകടമാണ് കേസിനാധാരം. അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാൻ പ്രവാസിയായ പിതാവിന് ഒരു കൈത്താങ്ങായാണ് ഷിഫിൻ പ്രവാസ ലോകത്തേക്ക് എത്തുന്നത്. അൽഐനിലെ സൂപ്പർ മാർക്കറ്റിൽ ചെറു പ്രായത്തിൽ തന്നെ ജോലിക്ക് കയറി. ബഖാലയിൽനിന്ന് മോട്ടോർസൈക്കിളിൽ സാധനങ്ങളുമായി പോയ ഈ 22കാരനെ ഒരു സ്വദേശി ഓടിച്ച കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഷിഫിന് കാര്യമായ പരിക്കേറ്റു. അപകടം നടന്നയുടനെ കാർ ഓടിച്ചിരുന്നയാൾ വാഹനം നിർത്താതെ പോയി. സി.സി.ടി.വി സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി. ഉടനെ തന്നെ ഷിഫിന് അൽ ഐനിലെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ ചികിത്സ നൽകിയിരുന്നെങ്കിലും തലക്ക് കാര്യമായ പരിക്കേറ്റിരുന്നു. ഏക മകന്റെ ദാരുണ അപകടത്തിന്റെ വിവരമറിഞ്ഞ പിതാവ് സൗദിയിലെ ജോലിയും വിട്ട് അൽഐനിലെ ആശുപത്രിയിൽ എത്തി. രണ്ടാഴ്ച്ചത്തെ ചികിത്സക്ക് ശേഷം അൽഐനിലെ ഗവൺമെന്റ് ആശുപത്രിയിൽനിന്ന് അൽഐനിലെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അരുമ മകന്റെ കണ്ണോ കാലോ ഒന്നിളകുന്നത് കാണാൻ പിതാവ് ഒന്നര വർഷത്തോളം വെന്റിലേറ്ററിന് പുറത്ത് കാവലിരുന്നു. തലച്ചോറിനേറ്റ പരിക്ക് മൂലം ഈ യുവാവിന്റെ പത്തോളം അവയവങ്ങൾക്ക് പ്രവർത്തനക്ഷമത നഷ്ടപ്പെട്ടതായി വൈദ്യശാസ്ത്രം വിധിയെഴുതി. ഇതോടെ അബൂദബിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പ്രിയപ്പെട്ടവരുടെ പ്രാർഥനയും യു.എ.ഇയിലെ ചികിത്സയുടെയും ഫലമെന്നോണം ഷിഫിൻ ശിരസ്സ് ഇളക്കാൻ തുടങ്ങി. ഇതോടെ തുടർ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

 

വാഹനാപകടത്തിൽ അഞ്ച് മില്യൺ ദിർഹം നഷ്ട പരിഹാരം ലഭിക്കുന്ന യു.എ.ഇയിലെ രണ്ടാമത്തെ കേസാണിത്. രണ്ടു റെക്കോർഡ് നേട്ടങ്ങൾ നേടിയെടുത്തതും ഷാർജ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്‌സാണ്. ഷിഫിന്റെ കേസ് സീനിയർ കൺസൾട്ടന്റ് ഈസാ അനീസ്, അഡ്വക്കേറ്റ് യു.സി. അബ്ദുല്ല, അഡ്വക്കേറ്റ് മുഹമ്മദ് ഫാസിൽ എന്നിവരാണ് ഏറ്റെടുത്തത്.

ദുബൈ കോടതിയിൽ നടന്ന കേസിനെ തുടർന്ന് ഷിഫിന്റെ നിലവിലെ ദുരിതപൂർണ ജീവിതാവസ്ഥ മനസ്സിലാക്കിയ ഇൻഷുറൻസ് അതോറിറ്റി കോർട്ട് ഷിഫിന് നഷ്ടപരിഹാരമായി 2.8 മില്യൺ വിധിച്ചിരുന്നു എങ്കിലും ഷിഫിന്റെ ശാരീരിക മാനസിക അവസ്ഥ പരിഗണിച്ചു കൂടുതൽ തുക ലഭിക്കാനുള്ള കേസുമായി അഭിഭാഷകർ മുന്നോട്ടു പോവുകയായിരുന്നു. തുടർന്നുള്ള അപ്പീൽ നടപടികളിലൂടെ നഷ്ടപരിഹാര തുക അഞ്ച് മില്യൺ ദിർഹം ആക്കി ഉയർത്തി എടുക്കുകയും പിന്നീട് ഒന്നാം ഘട്ട സുപ്രീം കോർട്ട് വിധി, രണ്ടാം ഘട്ട അപ്പീൽ കോടതി വിധി, രണ്ടാം ഘട്ട സുപ്രീം കോടതി വിധി, എന്നിവയിലൊക്കെയും അഞ്ച് മില്ല്യൺ എന്ന ജഡ്ജ്‌മെന്റ് നില നിർത്തുകയാണ് ഉണ്ടായത്. തുടർന്ന് അഞ്ച് മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.

ഇതിന് മുമ്പ് ദുബൈ റാഷിദിയയിലുണ്ടായ ഒമാൻ ബസ്സപകടത്തിൽ ഇരയായ ഇന്ത്യൻ യുവാവിന് സുപ്രീം കോടതി അഞ്ച് മില്യൺ ദിർഹം നഷ്ടപരിഹാരം വിധിച്ചിരുന്നു. ഈ കേസിലും ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്‌സാണ് നിയമസഹായം നൽകിയത്.

ഫ്രാൻഗൾഫ് അഡ്വക്കേറ്റ്‌സ് മുഖ്യ ഉപദേഷ്ടാവ് ശരീഫ് അൽവർദയുടെ മേൽനോട്ടത്തിൽ യുഎഇ അഡ്വക്കേറ്റുമാരായ ഹസ്സൻ അശൂർ അൽമുല്ല, അഡ്വക്കേറ്റ് ഫരീദ് അൽ ഹസ്സൻ എന്നിവരാണ് ഇൻഷുറൻസ് അതോറിറ്റി മുതൽ വിവിധ കോടതികളിൽ നടന്ന കേസുകൾക്കു വിവിധഘട്ടങ്ങളിൽ ഹാജരായത്. അൽഐൻ കെഎംസിസി പ്രവർത്തകരുടെ അകമഴിഞ്ഞ സേവനവും ഈ വിഷയത്തിൽ ലഭിച്ചിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News